bjp
ചെങ്ങമനാട് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പിലെത്തിയപ്പോൾ

നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചന്റെ പേരിൽ ഭരണപക്ഷവും ബി.ജെ.പിയും തമ്മിൽ തർക്കം. പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിൽ നിന്ന് വളരെ കുറച്ച് പേർക്ക് മാത്രമാണ് ഭക്ഷണം നൽകുന്നതെന്നും സർക്കാർ നിർദ്ദേശപ്രകാരമുള്ള കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചില്ലെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. പ്രതിഷേധം ഉയർത്തിയപ്പോൾ ഇന്നലെ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടന്നില്ലെന്നും ബി.ജെ.പി ആരോപിക്കുന്നു. ഇതേത്തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെകണ്ട് പ്രതിഷേധം അറിയിച്ചതായി ബി.ജെ.പി ആലുവ മണ്ഡലം ജനറൽ സെക്രട്ടറി സി. സുമേഷ്, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് നിഷോർ ഒലങ്ങിൽ, ജനറൽ സെക്രട്ടറി സേതുരാജ് ദേശം, ജയൻ വെള്ളായി, സുനിൽ കുന്നുംപുറം എന്നിവർ അറിയിച്ചു.

എന്നാൽ ബി.ജെ.പിയുടെ ആരോപണം രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി പറഞ്ഞു. പഞ്ചായത്തിൽ ദിവസങ്ങൾക്ക് മുമ്പേ ജനകീയ ഹോട്ടൽ തുറന്നിരുന്നു. രണ്ടാമത്തെ കമ്മ്യൂണിറ്റി കിച്ചൻ ഇന്ന് കപ്രശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഊട്ടുപുരയിൽ ആരംഭിക്കും. ദിവസേന മൂന്ന് നേരമായി 1500 പേർക്ക് ഭക്ഷണം നൽകാനുള്ള ഒരുക്കമാണ് പൂർത്തിയാക്കിയിട്ടുള്ളത്. അന്യസംസ്ഥാനക്കാരുടെ ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചതായും പ്രസിഡന്റ് പറഞ്ഞു.