corona

കൊച്ചി: എറണാകുളം ജില്ലയിൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 10 പേരുടെ കൂടി പരിശോധനാ ഫലം ലഭിച്ചു. എല്ലാവരുടെയും ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഇന്നലെ അയച്ച 16 പേരുടെ സാമ്പിളുകൾ ഉൾപ്പെടെ ഇനി 50 സാമ്പിളുകളുടെ കൂടി ഫലം ആണ് ലഭിക്കാനുള്ളത്. ജില്ലയിൽ പുതിയതായി 637 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 836 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 5502 ആണ്. ഇന്ന് 2 പേരെ കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പുതുതായി പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 25 ആയി. നിലവിൽ കോവിഡ്19 രോഗം സ്ഥിരീകരിച്ച് എറണാകുളം ജില്ലയിൽ ചികിത്സയിലുള്ളത് 14 പേരാണ്. ഇതിൽ 4 പേർ ബ്രിട്ടീഷ് പൗരന്മാരും, 7 പേർ എറണാകുളം സ്വദേശികളും, 2 പേർ കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്. സ്വകാര്യ ആശുപത്രികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളിൽ ഇന്ന് ഒ .പി യിലെത്തിയ ആളുകളിൽ നിന്നും 17 പേരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചിട്ടുണ്ട്. 3 പേരെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തു.

അന്യ സംസ്ഥാനക്കാർ താമസിക്കുന്ന ഇടങ്ങൾ പരിശോധിച്ചു

ജില്ലയിൽ 69 മെഡിക്കൽ സംഘങ്ങൾ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ പരിശോധിച്ചു. അവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും, ആവശ്യമായ ബോധവത്കരണം നടത്തുകയും, പരിസര ശുചിത്വം സംബന്ധിച്ച നിർദേശങ്ങളും നൽകി. കോവിഡ് രോഗലക്ഷണങ്ങളുള്ള ആരെയും പരിശോധനയിൽ കണ്ടെത്തനായില്ല.