കൊച്ചി: കമ്യൂണിറ്റി കിച്ചണിൽ സ്വന്തം നാട്ടിലെ ഭക്ഷണം, മാതൃഭാഷയിൽ നിർദ്ദേശങ്ങൾ, 24 മണിക്കൂറും ദ്വിഭാഷിയുടെ കൗൺസിലിംഗ് സൗകര്യം, മികച്ച ആരോഗ്യ പരിപാലനവും ഡോക്ടറുടെ സേവനവും.ഭീതിയുടെ നിഴലിൽ വിവിധ പ്രദേശങ്ങളിൽ കൂട്ടത്തോടെ കഴിയുന്ന അന്യസംസ്ഥാനക്കാരെ എറണാകുളത്തെ ജില്ലാ ഭരണം ചേർത്തു പിടിക്കുന്നത് ഇങ്ങനെയൊക്കെയാണ്. പായിപ്പാട് ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ നിരത്തിലറങ്ങിയതോടെ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ ഘട്ടത്തിൽ അതിഥി തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വിശദമായ പദ്ധതി ജില്ലയിൽ തയാറാക്കി. തൊഴിൽ, റവന്യൂ, തദ്ദേശ സ്ഥാപന വകുപ്പുകൾ നിർവഹിക്കേണ്ട ചുമതലകൾ വ്യക്തമായി നിർവചിച്ചാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
നാട്ടിലെ ഭക്ഷണവുമായി കമ്യൂണിറ്റി കിച്ചൺ
ജില്ലയിൽ ഏറ്റവും കൂടുതൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ കമ്യൂണിറ്റി കിച്ചൺകൾ ആരംഭിച്ചു. ജില്ലയിൽ കൂടുതൽ പേർ താമസിക്കുന്ന ബംഗാൾ കോളനിയിൽ (ഭായ് കോളനി) ഇന്നലെ കമ്യുണിറ്റി കിച്ചൺ തുടങ്ങിയിരുന്നു. 4500 തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. യന്ത്രം ഉപയോഗിച്ചാണ് ചപ്പാത്തിയുണ്ടാക്കുന്നത്. മണിക്കൂറിൽ 2000 ചപ്പാത്തിയുണ്ടാക്കും. 4 ചപ്പാത്തിയും വെജിറ്റബിൾ കറിയുമാണ് ഓരോരുത്തർക്കും നൽകുന്നത്. ഉച്ചയ്ക്ക് ഊണും വൈകിട്ട് ചപ്പാത്തിയും കറിയും നൽകും. എല്ലാ ദിവസവും ചപ്പാത്തിയുണ്ടാകും. എന്നാൽ ഓരോ ദിവസവും കറികളിൽ പച്ചക്കറികളുടെ ലഭ്യതയനുസരിച്ചു വ്യത്യാസമുണ്ടാകും. എല്ലാവർക്കും പാഴ്സലായാണ് നൽകുന്നത്. മുറികളിൽ പോയിരുന്നു കഴിക്കണം. 2500 കിലോഗ്രാം ആട്ട പൊലീസ് നൽകിയിട്ടുണ്ട്.
സഹായവുമായി പൊലീസും ഡോക്ടർമാരും
തൊഴിലാളികളുടെ സഹായത്തിനായി പൊലീസ് എയ്ഡ് പോസ്റ്റുകൾ ആരംഭിച്ചു. ഡോക്ടറുടെ സേവനവും ഇവിടെ ലഭ്യമാണ്. കൂടാതെ തഹസിൽദാർ ആവശ്യാനുസരണം ഭക്ഷ്യവസ്തുക്കൾ നൽകും. ബോധവത്കരണം, വൈദ്യപരിശോധന എന്നിവയ്ക്കായി 94 മെഡിക്കൽ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. 69 മെഡിക്കൽ സംഘങ്ങൾ ഇന്നലെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ പരിശോധിച്ചു. അവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും, ആവശ്യമായ ബോധവത്കരണം നടത്തുകയും, പരിസര ശുചിത്വം സംബന്ധിച്ച നിർദേശങ്ങളും നൽകി.
അന്യഭാഷക്കാർക്കായി കൗൺസിലിംഗ് സംവിധാനം
അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിയിക്കാനായി ജില്ലയിൽ ഹെൽപ്ലൈൻ ആരംഭിച്ചിട്ടുണ്ട്. ഭക്ഷണം ലഭിക്കാത്ത പ്രശ്നങ്ങൾ, രോഗാവസ്ഥ തുടങ്ങിയവ അറിയിക്കാനാണ് ഹെൽപ് ലൈൻ ആരംഭിച്ചത്. അതിഥി തൊഴിലാളികൾക്ക് വായിക്കാനായി ഹിന്ദിയിലുള്ള വാർത്തയും പ്രാദേശിക പേജുകളിൽ നൽകിയിട്ടുണ്ട്. കൂടാതെ ഇവർക്ക് വേണ്ട കൗൺസിലിംഗ് സംവിധാനവും ലഭ്യമാണ്. നിരവധി പേരാണ് ദിനംപ്രതി വിവിധ ആവശ്യങ്ങളുമായി വിളിക്കുന്നത്.