bank
പട്ടിമറ്റം എസ്.ബി.ഐ ശാഖയിൽ ഇന്നലെ രാവിലെ അനുഭവപ്പെട്ട തിരക്ക്

കോലഞ്ചേരി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറികടന്ന് പെൻഷൻ വാങ്ങാൻ ബാങ്കുകൾക്കു മുന്നിൽ തിക്കും തിരക്കുമായത് പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും വലച്ചു. പുലർച്ചെ മുതൽ ബാങ്കുകൾക്കു മുന്നിൽ കൂട്ടംകൂടി നിന്നവരെ നിയന്ത്രിക്കാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. ജീവനക്കാർ കുറവായതിനാൽ ബാങ്ക് ജീവനക്കാരും പ്രയാസത്തിലായി.പെൻഷൻ വാങ്ങാനെത്തുന്നവരെയും കൊണ്ട് ബന്ധുക്കളും മ​റ്റും എത്തിയതോടെ ഗതാഗതനിയന്ത്രണങ്ങൾ തകിടം മറിയുന്ന സ്ഥിതിയായി. പട്ടിമറ്റം, കോലഞ്ചേരി,പുത്തൻകുരിശ്, കിഴക്കമ്പലം എസ്.ബി.ഐ ബാങ്കുകളിൽ നിന്നുമാണ് പെൻഷൻ വിതരണം ചെയ്യുന്നത്.

പട്ടിമറ്റം എസ്.ബി.ഐ ശാഖയിൽ രാവിലെ പത്തുമണിയോടെ അറുപതോളം പേരാണ് പെൻഷൻ വാങ്ങാനെത്തിയത്. പൊലീസ് എത്തി ടോക്കൺ നൽകി മൂന്നുപേരെ വീതമാണ് കടത്തിവിട്ടത്. ഉച്ചയോടെ എല്ലാ ബാങ്കുകളിലും തിരക്ക് കുറഞ്ഞു. മ​റ്റ് ബാങ്കുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. കോലഞ്ചേരി, കിഴക്കമ്പലം, പുത്തൻകുരിശ് എസ്.ബി.ഐ ശാഖകളിൽ ക്യൂ വഴി നിയന്ത്രിച്ചു. മൂന്നു പേരെ വീതം കയറ്റി വിട്ടു. ബാങ്കുകളിൽ അനുഭവപ്പെട്ട തിരക്കും ഒപ്പം ബാങ്കിലെത്തിയവരിടെ റോഡുകളിലെ വാഹനത്തിരക്കും നിയന്ത്രിക്കാൻ പൊലീസുകാരെയും കൂടുതലായി നിയോഗിച്ചു.

സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ ധനസഹായം അർഹരായവരുടെ അക്കൗണ്ടുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇത് യഥാസമയം പിൻവലിച്ചില്ലെങ്കിൽ നഷ്ടപ്പെടുമെന്ന പ്രചാരണം തെ​റ്റാണെന്നും അധികൃതർ വ്യക്തമാക്കി.

#തിരക്കേറിയതോടെ പൊലീസ് ഇടപെട്ടു

ബാങ്കുകളിൽ ക്യൂ ഏർപ്പെടുത്തിയെങ്കിലും തിരക്കേറിയതോടെ തിരക്കുള്ള ശാഖകളിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. മൂന്നു പേരെ വീതം ബാങ്കിലേക്ക് കടത്തിവിട്ടു. ഇതിനായി പ്രത്യേക പാസ് നൽകി. ബാങ്കിനുള്ളിൽ കടന്ന ഒരാൾ ഇറങ്ങുമ്പോൾ അടുത്തയാൾ കയറി ഇടപാടുകൾ നടത്തും വിധമാണ് ക്രമീകരണങ്ങൾ ചെയ്തത്. മ​റ്റുള്ളവരെ ബാങ്കിനു പുറത്ത് പലയിടങ്ങളിലായി മാ​റ്റിനിർത്തി. ഏറെനേരം കാത്തുനിന്നശേഷമാണ് മിക്കവർക്കും പെൻഷൻ വാങ്ങി മടങ്ങാനായത്.

#നിയന്ത്രണം നാളെ മുതൽ

പെൻഷനും സർക്കാരിൻ്റെ വിവിധ ക്ഷേമപദ്ധതികളിലെ ആനുകൂല്യങ്ങളും പിൻവലിക്കാനുള്ള തിരക്ക് നിമിത്തം ബാങ്കുകളിലുണ്ടായേക്കാവുന്ന ആൾക്കൂട്ടം നിയന്ത്രിക്കാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. നാളെ മുതൽ 7 വരെയാണ് നിയന്ത്രണം.

0,1 അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്കു മാത്രമാണ് വ്യാഴാഴ്ച ഇടപാട് അനുവദിക്കുക. 2,3 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് വെള്ളിയാഴ്ചയും 4,5 നും ശനിയാഴ്ചയും. 6,7 തിങ്കൾ, 8,9 ചൊവ്വയും ഇടപാടുകൾ നടത്താം.ഈ ദിവസങ്ങളിൽ ഇടപാട് നടത്താത്തവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ സാധാരണപോലെ പണം പിൻവലിക്കാൻ തടസമില്ല.

ബുധനാഴ്ച വരെ രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ ബാങ്കുകൾ പ്രവർത്തിക്കും.