crusher
പ്രവർത്തനം തുടരുന്ന ഊരക്കാട്ടിലെ പാറമട

കിഴക്കമ്പലം: കൊറോണ പ്രതിരോധ പ്രവർത്തനത്തിനായി സംസ്ഥാനം കനത്ത ജാഗ്രതയിൽ മുഴുകുമ്പോൾ ഇത് മറയാക്കി കിഴക്കമ്പലം പഞ്ചായത്തിലെ ഊരക്കാട്ടിൽ പാറമടകളുടെ പ്രവർത്തനം തുടരുകയാണ്. സാധാരണ ദിവസങ്ങളിലെപ്പോലെ തന്നെയാണ് ഇപ്പോഴും ഇവിടെ പാറമട, ക്രഷറുകളുടെ പ്രവർത്തനം. നേരത്തെ പാരിസ്ഥിതിക നിയമം ശക്തമായതോടെ ലൈസൻസുകൾ പുതുക്കാനാകാതെ പ്രവർത്തനം നിലച്ച പാറമടകളാണ് കൊറോണയുടെ മറവിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ദിവസേന നൂറുകണക്കിന് ലോഡു കരിങ്കല്ലുകളാണ് ഖനനം ചെയ്‌തെടുക്കുന്നത്. ഇവ മെ​റ്റൽ നിർമ്മാണത്തിനുപരിയായി ക്രഷർ മണൽ നിർമാണത്തിനായാണ് ഉപയോഗിക്കുന്നത്.രാപകൽ ഭേദമില്ലാതെ ഖനനം നടത്തുമ്പോഴുണ്ടാകുന്ന ശബ്ദത്തെ തുടർന്ന് ഉറങ്ങാനാകാത്ത സ്ഥിതിയാണുള്ളതെന്നും നാട്ടുകാർ പറയുന്നു.

ഊരക്കാട് ജി.കെ ഗ്രനൈറ്റ്‌സിൽ അനധികൃത കരിങ്കൽ ഖനനം നടക്കുന്നതായി ചൂണ്ടിക്കാട്ടി സമീപവാസി പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഇവിടെ പ്രവർത്തനം നടക്കുന്നതായി ചൂണ്ടിക്കാട്ടി കലക്ടറേ​റ്റിൽ അറിയിച്ചതിനെ തുടർന്ന് ക്രഷറിന്റെ പ്രവർത്തനം നിർത്തിവെച്ചെങ്കിലും ഇന്നലെ വീണ്ടും ആരംഭിച്ചു. ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.