ആലുവ: ലോക്ക് ഡൗണിനെ തുടർന്ന് ശിവരാത്രി മണപ്പുറത്ത് ബലിതർപ്പണം നിലച്ചപ്പോൾ അന്നം മുട്ടിയ ബലികാക്കകൾക്ക് അന്നം നൽകി ഉണ്ണികൃഷ്ണൻ നമ്പീശൻ. മണപുറത്തെ കുട്ടിവനത്തിൽ ആയിരക്കണക്കിന് കാക്കകളും പ്രാവുകളുമാണ് വസിക്കുന്നത്. ക്ഷേത്രത്തിലെ പൂജാദ്രവ്യങ്ങളുടെ ശേഷിപ്പും ബലിച്ചോറുമാണ് ഇവയുടെ ഭക്ഷണം. ഈ പക്ഷികൾ ഇരതേടാൻ മണപ്പുറം വിട്ട് പോകാറുമില്ല. മണപ്പുറത്തിന് തൊട്ടടുത്ത് താമസിക്കുന്ന ഉണ്ണി നമ്പീശൻ എന്നും രാവിലെ ഇവറ്റകൾക്കായി പ്രത്യേക ചോറു വയ്ക്കും. പിന്നെ കപ്പലണ്ടിയും കടലയും വേവിച്ച് കൊണ്ടുവരും.
ഉണ്ണി നമ്പീശനെത്തുമ്പോഴേക്കും കുട്ടി വനത്തിൽ നിന്നും പറന്നിറങ്ങി സമീപത്തെത്തും. തിരുനാവായ, വർക്കല എന്നിവിടങ്ങളിലേതു പോലെ എല്ലാദിവസവും ഇവിടെ ബലിതർപ്പണമുണ്ട്. അമ്പതോളം പരികർമ്മിക്കും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ലോക് ഡൗണായതിനെതുടർന്ന് ബലിതർപ്പണം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ക്ഷേത്രപരിസരത്തുള്ള ജീവജാലങ്ങനെ പരിപാലിക്കേണ്ടത് ഭക്തജനങ്ങളുടെ ഉത്തരവാദിത്യമാണെന്നും താൻ ഈ ഉത്തരവാദിത്വം ചെയ്യുന്നുവെന്നേയുള്ളൂവെന്നുമാണ് നമ്പീശൻ പറയുന്നത്.