നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്കും നിരാലംബരായ ജനങ്ങൾക്കും ഭക്ഷണം ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് പരിധിയിലെ രണ്ടാമത്തെ കമ്മ്യൂണിറ്റി കിച്ചൻ കപ്രശേരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ പ്രവർത്തനമാരംഭിച്ചതായി പ്രസിഡന്റ് ദിലീപ് കപ്രശേരി അറിയിച്ചു. ദിവസവും അഞ്ഞൂറോളം പേർക്ക് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഊണ് എന്നിവയുണ്ടാകും. പറമ്പയം കവലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇവിടെ സൗകര്യം കുറവാണെന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് വിശാലമായ സൗകര്യത്തോടെ രണ്ടാമത്തെ കമ്മ്യുണിറ്റി കിച്ചൺ തുറന്നത്.