കൊച്ചി: വെന്റിലേറ്റർ ക്ഷാമം പരിഹരിക്കാൻ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചതോടെ പ്രതീക്ഷയിലാണ് എറണാകുളം മെഡിക്കൽ കോളേജ് അധികൃതർ. ജില്ലയിലെ കൂടുതൽ ജനപ്രതിനിധികൾ ഫണ്ട് അനുവദിച്ചാൽ കൊറോണ ചികിത്സാ സൗകര്യം വർദ്ധിപ്പിക്കാൻ കഴിയും.

കൊറോണ ബാധിച്ച ജില്ലകളിലെ ആശുപത്രികൾ നേരിടുന്ന പ്രധാന പ്രശ്നം വെന്റിലേറ്ററുകളുടെ കുറവാണ്. എറണാകുളം മെഡിക്കൽ കോളേജിലും വെന്റിലേറ്റർ അപര്യാപ്തമാണ്. ഹൈബി ഈഡൻ എം.പി പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകൾ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി.

പി.ടി. തോമസ് എം.എൽ.എ 28 ലക്ഷം രൂപ നൽകിയിരുന്നു. എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.ജെ. മാക്സി എന്നിവരും ഫണ്ട് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എൽ ഒരു കോടി രൂപ നൽകി. കൊറോണ ചികിത്സാകേന്ദ്രമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മറ്റ് എംഎൽ.എമാർക്കും ഫണ്ട് അനുവദിക്കാൻ കഴിയും.

മെഡിക്കൽ കോളേജിന് ധനസഹായം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധികൾ ഫണ്ട് അനുവദിക്കുകയും പൊതു സ്വകാര്യ മേഖലകളിലെ കമ്പനികൾ സാമൂഹ്യ ബാദ്ധ്യതാ ഫണ്ട് വിനിയോഗിക്കുകയും ചെയ്താൽ കൊറോണ ചികിത്സയിലൂടെ ദേശീയശ്രദ്ധ നേടിയ എറാകുളം മെഡിക്കൽ കോളേജിന്റെ വികസനം സാദ്ധ്യമാക്കാൻ കഴിയുമെന്ന് മൂവ്മെന്റ് പ്രവർത്തകർ പറഞ്ഞു.