venu-v-desam
വേണു വി. ദേശം

ആലുവ: കൂട്ടിലകപ്പെട്ട കിളികളെപ്പോലെ കഴിയുന്ന ലോക്ക് ഡൗൺ കാലം പാഴാക്കാതെ കവി വേണു വി. ദേശം സാഹിത്യരചനയിലാണ്. മോപ്പസാങിന്റെ ഫ്രഞ്ച് നോവൽ 'പൈതൃകം' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനായതിന്റെ സന്തോഷത്തിലാണ് കവിയും വിവർത്തകനുമായ വേണു വി. ദേശം.

തൃശൂരിലെ പുസ്തക പ്രസാധക സ്ഥാപനമാണ് മാസങ്ങൾക്ക് മുമ്പ് വേണു വി. ദേശത്തെ ഈ ദൗത്യമേൽപ്പിച്ചത്. പലകാരണങ്ങൾ കൊണ്ട് നീണ്ടുപോയി. കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ അലമാരയിൽ നിന്ന് പ്രസാധക കമ്പനി നൽകിയ പുസ്തകം പൊടിതട്ടിയെടുത്തു. ഒരാഴ്ച്ചയ്ക്കകം 100 പേജിൽ ലക്ഷ്യം കണ്ടു.

ദസ്തയേവേസ്കിയുടെ 16 കൃതികൾ ഉൾപ്പെടെ 25 ഓളം റഷ്യൻ കൃതികൾ മലയാളത്തിലേക്ക് വേണു നേരത്തെ വിവർത്തനം ചെയ്തിട്ടുണ്ട്. ദസ്തയേവേസ്കിയുടെ നോവലുകളിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി 'ദസ്തയേവേസ്കിയുടെ കഥാപാത്രങ്ങൾ' എന്ന പേരിൽ ഒരു കൃതി കൂടി ഈ ലോക്ക് ഡൗൺ കാലത്ത് എഴുതണമെന്നാണ് ആഗ്രഹമെന്നും വേണു വി. ദേശം പറയുന്നു. നേരത്തെ ദസ്തയേവേസ്കിയുടെ പ്രണയജീവിതം, അറിയപ്പെടാത്ത ദസ്തയേവേസ്കി എന്നീ കൃതികളും രചിച്ചിട്ടുണ്ട്.

സൗമ്യാത്മാവ്, ഒരു അപഹാസ്യന്റെ സ്വപ്നം, അധോതലകുറിപ്പുകൾ, ക്ഷണിക്കപ്പെടാതെ, കുറ്റവും ശിക്ഷയും, കാരണവരുടെ കിനാവ്, ഇഡിയറ്റ്, അജ്ഞാതന്റെ കുറിപ്പുകൾ എന്നിവയാണ് വിവർത്തനം ചെയ്ത പ്രധാന കൃതികൾ. 1998ൽ മലയാളത്തിലെ ആദ്യ ഗസൽ ഗായകൻ ഉമ്പായിക്ക് വേണ്ടി ആദ്യ ഗസൽ ആൽബം 'പ്രണാമം' രചിച്ചത് വേണുവാണ്. ധ്യാനി, മോഹാന്ധകാര സഞ്ചാരി, നിലയില്ലാ കാഴ്ചകൾ എന്നീ കാവ്യസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.

ആലുവ താലൂക്ക് സപ്ളൈ ഓഫീസിൽ അസി. സപ്ളൈ ഓഫീസറായിരിക്കെ നാല് വർഷം മുമ്പാണ് വിരമിച്ചത്. തുടർന്ന് സാഹിത്യമേഖലയിൽ കൂടുതൽ സജീവമാകുകയായിരുന്നു.