video-conferencing

കൊച്ചി: കൊറോണ വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ അഭിഭാഷകരും ജഡ്ജിമാരും സ്വന്തം വീടുകളിൽ കഴിയുകയാണെങ്കിലും അടിയന്തര സ്വഭാവമുള്ള കേസുകൾ പരിഗണിക്കാൻ തടസമില്ലെന്ന് കേരള ഹൈക്കോടതി തെളിയിച്ചു. വീഡിയോ കോൺഫറൻസിംഗ് വഴി ഇന്നലെ അഞ്ചു കേസുകൾ ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം, കേരള - കർണാടക അതിർത്തി അടയ്ക്കൽ എന്നീ ഹർജികളും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ബെഞ്ച് പരിഗണിച്ചു. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനും സാമൂഹ്യഅകലം പാലിക്കാനുമാണ്‌ കോടതികൾ അടച്ചത്. എന്നാൽ, ജാമ്യാപേക്ഷയടക്കമുള്ള അടിയന്തര കേസുകൾ വീഡിയോ കോൺഫറൻസിംഗ് മുഖേന പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.

 നടപടികൾ സൂം ആപ്ളിക്കേഷനിലൂടെ

വീഡിയോ കോൺഫറൻസിംഗിനായി സൂം ആപ്ളിക്കേഷനാണ് ഉപയോഗിക്കുന്നത്. 2ജി കണക്ഷനിലും മികച്ച തരത്തിൽ പ്രവർത്തിക്കുമെന്നതിനാലാണ് ഇൗ ആപ്ളിക്കേഷൻ ഉപയോഗിക്കുന്നത്. ഇതിലൂടെ നൂറോളം പേർക്ക് സിറ്റിംഗിൽ പങ്കെടുക്കാം. കേരള - കർണാടക അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട ഹർജിയിൽ കർണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് കെ. നാവദ്ഗി ഉൾപ്പെടെ കോൺഫറൻസിംഗ് മുഖേന ഹാജരായി വാദിച്ചു. കോടതി മുറിയിലെന്നപോലെ പെരുമാറ്റച്ചട്ടമുണ്ടെങ്കിലും ഹാജരാകുന്ന അഭിഭാഷകർ കോട്ടും ഗൗണും ധരിക്കണമെന്ന് നിർബന്ധമില്ല.

 സെഷൻസ് കോടതികളിലേക്കും

ജാമ്യാപേക്ഷകളും റിമാൻഡ് അപേക്ഷകളും വീഡിയോ കോൺഫറൻസിംഗ് മുഖേന പരിഗണിക്കാൻ സെഷൻസ് കോടതികൾക്കും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. വരുംദിനങ്ങളിൽ സെഷൻസ് കോടതികളും ഇതേതരത്തിൽ ഹർജികൾ പരിഗണിക്കും. കോടതി പരിഗണിക്കേണ്ട വിഷയം ഒരു കുറിപ്പായി ഇ മെയിൽ ചെയ്ത് മുൻകൂർ അനുമതി വാങ്ങണം. ഹർജി എപ്പോൾ പരിഗണിക്കുമെന്നത് അനുമതി നൽകിക്കൊണ്ടുള്ള മറുപടിയിലുണ്ടാകും. ഇതിൽ പറയുന്ന സമയത്ത് അഭിഭാഷകൻ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാകണം.