നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പരിശോധന ടീമംഗത്തിന് കൊറോണ ബാധിച്ചത് ആരോഗ്യവകുപ്പിന്റെ വീഴ്ച്ചയാണെന്നാരോപിച്ച് ആരോഗ്യ പ്രവർത്തകർ.

മതിയായ സുരക്ഷ സന്നാഹങ്ങളൊന്നുമില്ലാതെയായിരുന്നു 30 അംഗ ടീമിന്റെ പരിശോധന. ഹൈറിസ്ക് മാസ്ക് (എൻ 95) പോലും ഉണ്ടായില്ല. സാധാരണ മാസ്ക് മാത്രമാണ് നൽകിയത്. ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മറ്റുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകേണ്ടിവന്നു.

ഫെബ്രുവരി അവസാനവാരം മുതൽ മാർച്ച് 24 വരെയാണ് പരിശോധന ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ 20 പേരും തൃശൂരിലെ പത്തു പേരുമായിരുന്നും സംഘത്തിൽ.

വൈകിട്ട് 4.30ന് ജോലിക്ക് കയറുന്നവർ അടുത്ത ദിവസം 11 വരെ ജോലി ചെയ്യേണ്ടിവന്നു. ഈ സാഹചര്യത്തിൽ ജീവനക്കാരിൽ കാര്യക്ഷമത കുറവ് ഉണ്ടായിട്ടുണ്ട്. വേണ്ടവിധം പരിശോധന നടന്നുവെന്നും ഉറപ്പ് പറയാനാകില്ലെന്നും ഇവർ പറയുന്നു.

വിമാനത്താവളം അടക്കുന്നതിന്റെ അവസാന ദിവസങ്ങളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകളെല്ലാം കൊച്ചി വഴി വന്നവരാണ്. എന്നിട്ടും വിമാനത്താവളത്തിൽ ഡ്യൂട്ടി ചെയ്തവരെ സ്വയം നിരീക്ഷണത്തിൽ വിടാതെ ജോലിയിൽ പ്രവേശിപ്പിച്ചതും തെറ്റായിപ്പോയി.

ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായെന്നാണ് ആക്ഷേപം. പല ആരോഗ്യ പ്രവർത്തകരും സ്വന്തം കുടുംബാഗങ്ങളുമായി മാത്രമല്ല, പൊതുപ്രവർത്തകരും ജനപ്രതിനിധികളുമായുമെല്ലാം ബന്ധപ്പെട്ടിട്ടുണ്ട്.