kerala-hc

കൊച്ചി : കാസർകോട് ജില്ലയിലെ രോഗികൾക്ക് തൊട്ടടുത്ത ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കാൻ എന്തു നടപടിയെടുക്കാനാവുമെന്ന് കേരള , കർണാടക സർക്കാരുകൾ ഇന്നറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അതിർത്തി അടച്ചതിനാൽ ജില്ലയിലെ രോഗികൾക്ക് ചികിത്സയ്ക്ക് തൊട്ടടുത്തുള്ള മംഗലാപുരത്തേക്ക് പോകാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണിത്. ഹർജി ഇന്നുച്ചയ്ക്ക് വീഡിയോ കോൺഫറൻസിലൂടെ വീണ്ടും പരിഗണിക്കും.

മംഗലാപുരത്തെ ആശുപത്രികളിൽ രോഗികൾ തിങ്ങിനിറഞ്ഞ സ്ഥിതിയാണെന്നും, കാസർകോട്ടെ രോഗികളെക്കൂടി ഉൾക്കൊള്ളാൻ കഴിയില്ലെന്നും ഇന്നലെ വീഡിയോ കോൺഫറൻസ് മുഖേന ഹർജി പരിഗണിച്ചപ്പോൾ കർണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ്. കെ. നാവദ്ഗി നാവദ്ഗി വ്യക്തമാക്കി. എന്നാൽ, ഇന്ത്യൻ യൂണിയനിൽപ്പെട്ട സംസ്ഥാനങ്ങളായ കേരളത്തിനും കർണാടകത്തിനും കേന്ദ്ര സർക്കാരിന്റെ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ വ്യവസ്ഥകൾ പാലിക്കാൻ ബാദ്ധ്യതയുണ്ടെന്നും, രോഗികൾക്ക് ചികിത്സ തടയാനാവില്ലെന്നും കേരള അഡി. അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ വാദിച്ചു. കാസർകോട് തലപ്പാടിയിൽ നിന്ന് മംഗലാപുരത്തേക്ക് 15 കിലോമീറ്റർ ദൂരമേയുള്ളൂവെന്നും,അതിർത്തിയിലെ ജനങ്ങൾ ചികിത്സയ്ക്ക് മംഗലാപുരത്തെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികൾക്ക് ചികിത്സ ലഭിക്കാൻ എന്തു ചെയ്യാനാവുമെന്ന് ഇൗ ഘട്ടത്തിൽ ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. തുടർന്നാണ് ,ഇക്കാര്യത്തിൽ വിശദീകരണം തേടിയത്.