കൊച്ചി : കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന 800 പേർക്ക് ഉച്ചഭക്ഷണം നൽകി സിൽവർ സ്പൂൺ കാറ്ററിംഗ്. സമ്പൂർണ അടച്ചിടൽ തുടങ്ങിയ ദിവസം ആലുവ മണപ്പുറത്തും പരിസര പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളും യാചകരും ഭക്ഷണം ലഭിക്കാതെ വലയുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഈ സേവനം.

ഓരോ പൊതിയിലും സാമ്പാർ, തോരൻ, അച്ചാർ എന്നിവ ഉണ്ട്. ആദ്യ ദിനം 200 പൊതിയിൽ തുടങ്ങി 800 ലെത്തിയെന്ന് സിൽവർ സ്പൂൺ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ മാജിത ഇല്യാസ് പറഞ്ഞു. എറണാകുളം, കളമശേരി, ആലുവ എന്നിവിടങ്ങളിലാണ് വിതരണം ചെയ്യുന്നത്.