ആലുവ: ടൂറിസം വകുപ്പിന് കീഴിലുള്ള ആലുവ പാലസിലെ ജീവനക്കാരന് സാമൂഹിക അകലം പാലിച്ച് വേറിട്ട യാത്രഅയപ്പ്. നവമാദ്ധ്യമത്തിലൂടെയാണ് വി.ഐ.പികൾ മുതൽ സഹപ്രവർത്തകർ വരെയുള്ളവർ യാത്രഅയപ്പ് ആശംസകൾ നേർന്നത്.
ടൂറിസം വകുപ്പിൽ 25 വർഷത്തെ സേവനത്തിന് ശേഷം ടി.ബി. ശാന്തപ്പൻ ഇന്നലെയാണ് വിരമിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ആയതിനാൽ യാത്രഅയപ്പ് യോഗമോ ആഘോഷമോ ഉണ്ടായില്ല. സാധാരണ സർക്കാർ ജീവനക്കാർ വിരമിക്കുമ്പോൾ ആഘോഷപൂർവം ഉപഹാരങ്ങളെല്ലാം നൽകി സഹപ്രവർത്തകർ വീട്ടിൽ കൊണ്ടുവന്നാക്കുന്ന പതിവുണ്ട്. കൊറോണക്കാലമായതിനാൽ ആഘോഷം ഉപേക്ഷിക്കേണ്ടി വന്നതിനാലാണ് എല്ലാവരുടെയും വീഡിയോ ലൈവ് സന്ദേശം തയ്യാറാക്കിയത്.
അൻവർസാദത്ത് എം.എൽ.എ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ രാജ്കുമാർ, മുൻ ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കൊല്ലംപറമ്പിൽ, ആലുവ പാലസ് മാനേജർ ജോസഫ് ജോൺ, മൂന്നാർ ടൂറിസം ഗസ്റ്റ് ഹൗസ് മാനേജർ ഷിജു തുടങ്ങി പാലസിലെ സഹപ്രവർത്തകർ വരെയുള്ളവർ വാട്ട്സ് ആപ്പിലൂടെ ലൈവ് ആശംസാ സന്ദേശം നൽകുകയായിരുന്നു. എല്ലാവരുടെയും വീഡിയോസന്ദേശം പാലസ് മാനേജർ സ്വന്തം നിലയിൽ എഡിറ്റ് ചെയ്ത് വിവിധ ഗ്രൂപ്പുകളിലേക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശിയായ ശാന്തപ്പന് ലോക്ക് ഡൗണിന് ശേഷം വിപുലമായ യാത്രഅയപ്പ് ഒരുക്കുമെന്ന് മാനേജർ അറിയിച്ചു.