പള്ളുരുത്തി: വെളിമാർക്കറ്റ് അടച്ചു പൂട്ടിയതോടെ മത്സ്യ മാംസത്തിനായി ജനം നെട്ടോട്ടത്തിൽ. തിരക്ക് കൂടിയതോടെയാണ്റ്റി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് മാർക്കറ്റ് അടച്ചു പൂട്ടിയത്.തിരക്ക് വർദ്ധിച്ചതിനാൽ മുൻ ദിവസങ്ങളിൽ പൊലീസ് എത്തി പത്ത് പേരെ വീതമാണ് മാർക്കറ്റിലേക്ക് കയറ്റി വിട്ടിരുന്നത്. എന്നാൽ പല വഴികളിൽ കൂടി ജനം നുഴഞ്ഞ് കയറിയതോടെ ഒരേ സമയം മാർക്കറ്റിൽ നൂറിൽ കൂടുതൽ ആളുകളായി മാറി. മാർക്കറ്റ് അടച്ചതോടെ മീൻ വിൽപ്പനക്കാർ റോഡരികിലും സമീപ പ്രദേശങ്ങളിലും വിൽപ്പന നടത്താൻ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇന്നലെ പുലർച്ചെ പൊലീസ് മാർക്കറ്റിൽ എത്തി കച്ചവടക്കാരെ അകത്ത് കയറ്റാൻ സമ്മതിച്ചില്ല.എന്നാൽ മാർക്കറ്റ് പൂട്ടിയതറിയാതെ പച്ചക്കറികൾ ഓർഡർ ചെയ്ത കച്ചവടക്കാർ ധർമ്മസങ്കടത്തിലായി. വളരെ കുറഞ്ഞ വിലക്ക് വെളിമാർക്കറ്റിൽ നിന്നും മീനും മാംസവും പച്ചക്കറികളും ലഭിക്കും എന്നതാണ് വെളിമാർക്കറ്റിൽ ആളുകൾ തടിച്ച് കൂടാൻ കാരണം.കരുവേലിപ്പടി പോളക്കണ്ടം, കുമ്പളങ്ങി ഇല്ലിക്കൽ, തോപ്പുംപടി അന്തിമാർക്കറ്റ്, പട്ടാളം, കച്ചേരിപ്പടി, കൊവേന്ത, പെരുമ്പടപ്പ്, ഫോർട്ടുകൊച്ചി വല പ്രദേശം എന്നിവിടങ്ങളിൽ ആളുകൾ തടിച്ചുകൂടിയാൽപൊലീസ് ഇടപെട്ട് അടച്ചു പൂട്ടേണ്ടി വരുമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി.