നെടുമ്പാശേരി: ലോക്ക് ഡൗണിന്റെ മറവിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനം ഭാഗികമായി ചുരുക്കിയതോടെ കുന്നുകര പഞ്ചായത്തിൽ കർഷകർ പ്രതിസന്ധിയിലായി. കുടിവെള്ളക്ഷാമവും അതിരൂക്ഷമായി.
നെൽപ്പാടങ്ങളിലെ വിളവെടുപ്പിനായി നിർത്തിയിരുന്ന നമ്പർ വൺ, നമ്പർ ടു ഇറിഗേഷൻ പദ്ധതികൾ മാർച്ച് ഇരുപതോടെ പമ്പിംഗ് പുനരാരംഭിച്ചെങ്കിലും ദിവസവും 20 മണിക്കൂർ പമ്പിംഗ് നടത്താൻ ബന്ധപ്പെട്ടവർ തയ്യാറാകത്തതാണ് പ്രശ്നമായതെന്ന് കർഷകർ പറയുന്നു.
കാർഷിക, കുടിവെള്ള മേഖലയിൽ കടുത്ത പ്രതിസന്ധി നേരിടുകയാണ്. വരണ്ട് കിടക്കുന്ന പാടശേഖരങ്ങളിൽ ഒരാഴ്ചയെങ്കിലും തുടർച്ചയായി ദിവസത്തിൽ 20 മണിക്കൂർ വീതം വെള്ളം അടിച്ചാൽ മാത്രമേ പ്രദേശത്ത് പൂർണമായും ഒരു തവണയെങ്കിലും വെള്ളം എത്തുകയുള്ളൂ. എന്നാൽ നിലവിൽ പത്തുമണിക്കൂറിൽ താഴെ സമയം മാത്രമാണ് ഇപ്പോൾ പമ്പിംഗ് നടത്തുന്നത്.
# കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു
ഇതേത്തുടർന്ന് വാഴയും പച്ചക്കറികളും അടക്കമുള്ള കാർഷിക വിളകൾ കരിഞ്ഞുണങ്ങുകയാണ്. പ്രദേശങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമവും നേരിടുകയാണ്. കൊറോണഭീതിയും ലോക്ക് ഡൗണും മൂലം കുടിവെള്ളത്തിനായി മറ്റ് സ്ഥലങ്ങളിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. കുറ്റിയാൽ, കുറ്റിപ്പുഴ, എലിതുരുത്ത്, വയൽകര ഈസ്റ്റ്, വയൽകര വെസ്റ്റ് ഭാഗങ്ങളിലേക്കുമാണ് ജലദൗർലഭ്യം കൂടുതലായി അനുഭവപ്പെടുന്നത്. 20 മണിക്കൂർ പമ്പിംഗ് നടത്തണമെന്ന് പഞ്ചായത്ത് അധികൃതർ നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇറിഗേഷൻ വിഭാഗം ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രശ്‌നത്തിന് പരിഹാരം തേടി വകുപ്പ് മന്ത്രിയെയും കളക്ടറെയും സമീപിച്ചിരിക്കുകയാണ്. അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്തിലെ കാർഷിക കുടിവെള്ള മേഖലകൾ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ പറഞ്ഞു.