ആലുവ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ ഫൂൾ ദുരുപയോഗം ചെയ്യരുതെന്ന മുന്നറിയിപ്പുമായി റൂറൽ ജില്ലാ പൊലീസ് രംഗത്തെത്തി. കൊറോണയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാലാണ് ആദ്യമായി ഇത്തരം മുന്നറിയിപ്പ് പൊലീസ് നൽകുന്നത്. ഏപ്രിൽ ഫൂൾ എന്ന നിലയിൽ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങൾ നടത്തുകയോ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് അറിയിച്ചു. തെറ്റായതും അറിവില്ലാത്തതുമായ കാര്യങ്ങൾ ഫോർവേഡ് ചെയ്യരുത്. വ്യാജ മൊബൈൽ സന്ദേശങ്ങളും വ്യാജ മൊബൈൽ കോളുകളും പാടില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസുദ്യോഗസ്ഥരെ അറിയിക്കണമെന്നും എസ്. പി. അറിയിച്ചു.