ആലുവ: ഹരിയാനയിൽ നിന്ന് ലോറിയിൽ ചരക്കുമായെത്തി എടത്തലയിൽ കുടുങ്ങിയ രാജേഷിന് മുമ്പിൽ ദൈവദൂതനായി അമീർ. എടത്തല അൽഅമീൻ കോളേജിന് സമീപമുള്ള ഗോഡൗണിലേക്ക് സാധനങ്ങളുമായെത്തിയതാണ് ഉത്തർപ്രദേശ് സ്വദേശിയായ രാജേഷ്. അൽ അമീൻ കോളേജിന് സമീപം ഒറ്റപ്പെട്ടുകിടന്ന ചരക്കുലോറിയിൽ എങ്ങും പോവാനാവാതെയിരുന്ന ഡ്രൈവറെ സമീപവാസിയായ അമീർ കണ്ടു. പിന്നീട് അമീർ നേരിട്ട് അന്വേഷിച്ചപ്പോഴാണ് രാജേഷിന്റെ ദുരവസ്ഥ മനസിലായത്. വണ്ടിയിലെ സ്റ്റൗ തകരാറിലായതിനാൽ ബിസ്‌കറ്റ് മാത്രം കഴിച്ചാണ് ഒരു ദിവസം കഴിഞ്ഞതെന്ന് പറഞ്ഞതിനെ തുടർന്ന് അമീർ ചപ്പാത്തി നൽകി. തന്റെ കുടുംബം കൊറോണക്ക് പിടികൊടുക്കാതെ സുഖമായിരിക്കുന്നുണ്ടെന്ന ആശ്വാസത്തിലാണ് രാജേഷ്.
അമീറിൽ നിന്ന് വിവരമറിഞ്ഞ പരിസരവാസിയായ ആഞ്ഞിലിമൂട്ടിൽ അലി അടുത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് രാജേഷിനെ പരിചയപ്പെടുത്തി. കുളിക്കാനും മറ്റുമുള്ള സൗകര്യവും ഏർപ്പെടുത്തി. എടത്തല ജനമൈത്രി പൊലീസുകാരുടെ ഇടപെടലിൽ രാത്രി മുതലുള്ള ഭക്ഷണം കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് നൽകി.