# ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി
തൃക്കാക്കര : ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രേണു ഇന്നലെ സർക്കാർ സർവീസിനോട് വിടചൊല്ലി. കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകിയാണ് വിരമിക്കൽ. കൊറോണ അവലോകന യോഗത്തിനെത്തിയ മന്ത്രി വി.എസ്. സുനിൽ കുമാറിന് ചെക്ക് കൈമാറി.
1988 ൽ ഇടുക്കിയിൽ എൽ.ഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച രേണു 1995 മുതൽ 16 വർഷം തുടർച്ചയായി എറണാകുളം കളക്ട്രേറ്റിൽ തന്നെയായിരുന്നു. ആറു വർഷത്തോളം ഡെപ്യൂട്ടി തഹസിൽദാർ, ഡെപ്യൂട്ടി കളക്ടർ തസ്തികകളിൽ മറ്റു ജില്ലകളിലും ജോലി ചെയ്തു.
ഔദ്യോഗിക ജീവിതത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടം കൊച്ചി മെട്രോ സ്ഥലമേറ്റെടുക്കൽ വിഭാഗം തഹസിൽദാരായിരുന്നപ്പോഴായിരുന്നെന്ന് അവർ പറഞ്ഞു. 2014 മുതൽ മൂന്ന് വർഷം ഈ പദവിയിലിരുന്നു.
പാലാരിവട്ടം ആലിൻചുവടാണ് താമസം. ലേബർ വകുപ്പിൽ നിന്ന് വിരമിച്ച രമേഷ് കുമാറാണ് ഭർത്താവ്. രാജസ്ഥാനിൽ ജോലി ചെയ്യുന്ന ശ്രീലക്ഷ്മി, യു.കെയിൽ വിദ്യാർഥിയായ പാർവ്വതി എന്നിവരാണ് മക്കൾ. മേയ് 31 നാണ് വിരമിക്കേണ്ടത്. രണ്ടു മാസം മുൻപ് അവധിയിൽ പ്രവേശിക്കുന്നതിനാലാണ് ഇന്നലെ ഒദ്യോഗിക ജീവിതം അവസാനിപ്പിച്ചത്.