a
കളക്ടറേറ്റിൽ അണുനശീകരണം നടത്തുന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ജീവനക്കാർ

തൃക്കാക്കര: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ പങ്കാളിയാകുകയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ജില്ലയിലെ 18 ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനുകളിലെ 450 ലധികം ജീവനക്കാരാണ് പ്രവർത്തന രംഗത്തുള്ളത്. കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ട സ്ഥലങ്ങളിലും ശുശ്രൂഷിക്കുന്ന ആശുപത്രികളിലും പൊതു സ്ഥലങ്ങളുമാണ് ഇവർ ശുചിയാക്കുന്നത്. അവശ്യ സർവീസ് നടത്തുന്ന ഓഫീസ് പരിസരങ്ങളും രോഗികളെ കയറ്റുന്ന വാഹനങ്ങളും ഇതിനോടകം വൃത്തിയാക്കി. അഗ്നിശമന വാഹനങ്ങളാണ് ഇതിനുപയോഗിക്കുന്നത്. കൂടാതെ സേനയോടൊപ്പം പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വളണ്ടിയർമാരെ ഉൾപ്പെടുത്തി സമൂഹ അടുക്കളയിൽ നിന്നും ആവശ്യക്കാർക്ക് ആഹാരം എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. വകുപ്പിലെ വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. സഹായങ്ങൾ ആവശ്യമുള്ളവർ 101 എന്ന നമ്പറിലോ 0484-2205550 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റീജിയണൽ ഫയർ ഓഫീസർ അറിയിച്ചു.