കട്ടപ്പന: നഗരസഭയെയും കാഞ്ചിയാർ പഞ്ചായത്തിനെയും ഉൾപ്പെടുത്തി അഞ്ചുരുളി കല്യാണത്തണ്ട് ടൂറിസം പ്രോജക്ട് നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ . ഡീൻ കുര്യാക്കോസ് എം.പിയുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ, സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗം കട്ടപ്പനയിൽ ചേർന്നു. കല്യാണതണ്ടിനെയും കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി വിനോദ സഞ്ചാര മേഖലയെയും ഉൾപ്പെടുത്തിയുള്ള ടൂറിസം പ്രോജക്ട് നടപ്പാക്കുക എന്ന ആശയമാണ് ഇരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും തദ്ദേശവാസികളും മുന്നോട്ടുവയ്ക്കുന്നത്.


കല്യാണത്തണ്ടിൽ അടിസ്ഥാന സൗകര്യം സജീകരിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുക, കല്യാണത്തണ്ട്- അഞ്ചുരുളി ട്രക്കിംഗ്, ബോട്ടിംഗ് സൗകര്യം തുടങ്ങിയ നിർദ്ദേശങ്ങൾ യോഗത്തിൽ ഉണ്ടായി. കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിച്ചു പ്രോജക്ട് നടപ്പാക്കാനായാൽ ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇത് വലിയ മുതൽകൂട്ടാകുമെന്നും ഇതിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഇടുക്കിയുടെ ഭൂസൗന്ദര്യം നിലനിറുത്തി കൊണ്ട് പ്രകൃതി സൗഹൃദമായ ടൂറിസമാണ് ലക്ഷ്യമെന്നും അതുകൊണ്ട് പ്രോജക്ട് നടപ്പാകുമെന്നാണ് പ്രതീക്ഷയെന്നും റോഷി അഗസ്റ്റ്യൻ എം.എൽ.എ യോഗത്തിൽ പറഞ്ഞു. കട്ടപ്പന നഗരസഭ ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, വൈസ് ചെയർപേഴ്‌സൺ ടെസി ജോർജ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, കാഞ്ചിയാർ പഞ്ചായത്തംഗങ്ങൾ, കട്ടപ്പന, കാഞ്ചിയാർ മേഖലകളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

മുഖ്യമന്ത്രിക്ക് നിവേദനം നൽകും

പ്രോജക്ട് നടപ്പാക്കാൻ വൈദ്യുതി, വനം, റവന്യൂ, ടൂറിസം തുടങ്ങി വകുപ്പുകളുടെ സഹകരണം ആവശ്യമാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.എം. മണിയുടെ നിർദേശപ്രകാരമാണ് സംയുക്ത യോഗം ചേർന്നത്. യോഗത്തിൽ ഉയർന്നു വന്ന പ്രധാന ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് നിവേദനം തയ്യാറാക്കി മുഖ്യമന്ത്രിക്കും മറ്റ് വകുപ്പ് മന്ത്രിമാർക്കും സമർപ്പിക്കും.