കട്ടപ്പന: നഗരത്തിലെ ഓടകളിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു. കഴിഞ്ഞദിവസം പുതിയ ബസ് സ്റ്റാൻഡിനുസമീപത്തെ ഓടയിലാണ് കക്കൂസ് മാലിന്യവും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കെട്ടിക്കിടക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ ഇവ നീക്കം ചെയ്തു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വീണ്ടും അതേസ്ഥലത്ത് മാലിന്യം കുന്നുകൂടി. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവ നിർമാർജനം ചെയ്തത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ചിലരാണ് മാലിന്യം തള്ളുന്നതെന്നു ആക്ഷേപമുണ്ട്. തുടർന്ന് പ്രദേശത്തെ വ്യാപാരികൾക്കും വീട്ടുകാർക്കും നഗരസഭാ ആരോഗ്യവിഭാഗം താക്കീത് നൽകി. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി.ജോൺ അറിയിച്ചു.