തൊടുപുഴ: എം.ജി സർവകലാശാല കലോത്സവത്തിൽ മൂന്നാംവട്ടവും കിരീടം ചൂടാനൊരുങ്ങി തേവര എസ്.എച്ച് കോളേജ്. ആകെയുള്ള 60 ഇനങ്ങളിൽ 35 ഇനങ്ങളുടെ ഫലം വന്നപ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി തേവര 108 പോയിന്റുമായി തേരോട്ടത്തിലാണ്. 72 പോയിന്റുമായി എറണാകുളം മഹാരാജാസ് കോളേജ് തൊട്ടുപിന്നിലുണ്ട്. മൂന്നാം സ്ഥാനത്തുള്ള സെന്റ് തെരേസാസ് കോളേജിന് 47 പോയിന്റും നാലാം സ്ഥാനത്തുള്ള തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സ് 40 പോയിന്റും നേടിയിട്ടുണ്ട്. കൊച്ചിൻ കോളേജ് ഒഫ് കൊച്ചിൻ 39 പോയിന്റും തൊടുപുഴ ന്യൂമാൻ കോളേജ് 37 പോയിന്റും നേടി. ചങ്ങനാശേരി എസ്.ബി കോളേജ് 37 പോയിന്റ് നേടിയപ്പോൾ 32 പോയിന്റുമായി മരമ്പള്ളി എം.ഇ.എസ് കോളേജ്, കോട്ടയം സി.എം.എസ് കോളേജ്, പാലാ സെന്റ് തോമസ് കോളേജ് എന്നിവരും ഒപ്പത്തിനൊപ്പമുണ്ട്.

അപ്പീലുകൾ 24

കലോത്സവം നാല് ദിനം പിന്നിടുമ്പോൾ അപ്പീലുകളുടെ എണ്ണം 24 ആയി. അതർ ഫോംസ് ഓഫ് ക്ലാസിക്കൽ ഡാൻസിനും ഓട്ടൻതുള്ളലിലുമാണ് ഏറ്റവുമധികം അപ്പീലുകൾ, നാലെണ്ണം വീതം. തിരുവാതിര, ദഫ്മുട്ട്, നാടോടി നൃത്തം എന്നിവയ്ക്ക് മൂന്ന് വീതം അപ്പീലുകളുണ്ട്. മൈം, മോണോ ആക്ട്, മിമിക്രി, കേരള നടനം, ഭരതനാട്യം (ആൺ), മാർഗംകളി, പ്രസംഗം (ഇഗ്ലീഷ്) എന്നീ ഇനങ്ങളിൽ ഓരോ അപ്പീൽ വീതം ലഭിച്ചിട്ടുണ്ട്.