തൊടുപുഴ: ഇത്തവണത്തെ കലോത്സവത്തിലെ കലാതിലകവും കലാപ്രതിഭയുമാകാൻ റെഡിയായി രണ്ട് പേർ കാത്തിരിക്കുന്നുണ്ട്. രണ്ട് പേരും കോട്ടയക്കാരണാെന്നതാണ് പ്രത്യേകത. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഒഫ് കമ്യൂണിക്കേഷനിലെ ഒന്നാംവർഷ എം.എ ആനിമേഷൻ വിദ്യാർത്ഥി അമലു ശ്രീരംഗും പാലാ സെന്റ് തോമസ് കോളജിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കെ.എസ്. രാംദാസുമാണ് പട്ടങ്ങൾ ചൂടാൻ ഒരുങ്ങി നിൽക്കുന്നത്. അമലു ശ്രീരംഗ്
ഭരതനാട്യം, കേരളനടനം, നാടോടിനൃത്തം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ വീണയിൽ മൂന്നാംസ്ഥാനവും നേടി. ഇനി മോഹിനിയാട്ടം കൂടി ബാക്കിയുണ്ട്. ചെങ്ങന്നൂർ ബുധനൂർ ശ്രീരംഗിൽ പി. അനിലിന്റെയും വിജിയുടെയും മകളാണ്. അൽ- അസ്ഹറിന്റെ മണ്ണിൽനിന്ന് 2016ലാണ് കെ.എസ്. രാംദാസ് സർവകലാശാല കലോത്സവത്തിൽ പങ്കെടുത്തു തുടങ്ങിയത്. അന്ന് ഭരതനാട്യത്തിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഒടുവിൽ അതേ മണ്ണിൽനിന്ന് കലാപ്രതിഭയായി പടിയിറങ്ങാനുള്ള ഭാഗ്യമാണ് കൈയെത്തും ദൂരെയെത്തിയിരിക്കുന്നത്. രാംദാസ് കഥകളി, ഭരതനാട്യം എന്നിവയിൽ ഒന്നാംസ്ഥാനവും കേരളനടനം, ഇതര ശാസ്ത്രീയ നൃത്ത വിഭാഗത്തിൽ രണ്ടാം സ്ഥാനവും നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവും നേടി. കോളേജിലെ ആർട്‌സ് ക്ലബ് സെക്രട്ടറിയുമാണ്. പാല കാരമംഗലത്ത് മനയിൽ സുബ്രമഹ്ണ്യൻ സുജ ദമ്പതികളുടെ മകനാണ്.