തൊടുപുഴ: വാർഡ് വിഭജനം വന്നതോടെ ജില്ലയിലെ രണ്ട് നഗരസഭകളിലും വാർഡുകളുടെ എണ്ണം കൂടി. തൊടുപുഴ നഗരസഭയിൽ മൂന്ന് വാർഡുകളും കട്ടപ്പനയിൽ ഒരു വാർഡുമാണ് കൂടിയത്. നിലവിൽ 35 വാർഡുകളാണ് തൊടുപുഴ നഗരസഭയിലുള്ളത്. ഇത് 38 ആയി വർദ്ധിച്ചു. കട്ടപ്പന നഗരസഭയിൽ നിലവിൽ 34 വാർഡുകളാണ് ഉള്ളത്. ഇത് 35 ആയി ഉയർന്നു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. തൊടുപുഴ നഗരസഭയിൽ 19 വാർഡുകൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിലവിൽ 18 വാർഡുകളാണ് വനിതകൾക്കുള്ളത്. കൂടാതെ രണ്ട് വാർഡുകൾ പട്ടിക ജാതിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതിൽ ഒന്ന് പട്ടികജാതി വനിതയ്ക്കുള്ളതാണ്. നിലവിലുള്ള വാർഡുകളിൽ ശരാശരി 300 മുതൽ 350 വീടുകൾ ഉൾപ്പെടുത്തിയാണ് പുതിയ വാർഡുകൾ ക്രമപ്പെടുത്തുക. റോഡ്, തോട് മുതലായവയായിരിക്കും വാർഡിന്റെ അതിർത്തി ആയി നിശ്ചയിക്കുക. കട്ടപ്പന നഗരസഭയിൽ 18 വാർഡുകളാണ് വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നത്. രണ്ട് വാർഡുകൾ പട്ടിക ജാതിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ ഒരെണ്ണം പട്ടിക ജാതി വനിതയ്ക്കാണ്.