കുമളി: ചെളിമട പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന സ്വകാര്യബസിന് തീപിടിച്ച് ബസിനുള്ളിൽ ഉറങ്ങിക്കിടന്ന ജീവനക്കാരൻ വെന്തുമരിച്ചു. ബസിന്റെ ക്ളീനർ ഏലപ്പാറ ഉപ്പുകുളം എസ്റ്റേറ്റ് ലയത്തിൽ രാജൻ (25) ആണ് മരിച്ചത്. കുമളി - പശുപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കൊണ്ടോടി ബസാണ് ഇന്നലെ പുലർച്ചെ രണ്ടോടെ അഗ്‌നിക്കിരയായത്. രാജന്റെ ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഞായറാഴ്ച രാത്രി സർവീസ് പൂർത്തിയാക്കിയ ശേഷം പെട്രോൾ പമ്പിന് സമീപം ഒതുക്കിയിട്ടിരുന്ന ബസിന്റെ പിൻഭാഗത്തു നിന്നാണ് ആദ്യം തീ ഉയർന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബസിലെ മറ്റ് ജീവനക്കാർ കിടന്നുറങ്ങിയിരുന്ന സമീപത്തെ കെട്ടിടവും ഭാഗികമായി കത്തി നശിച്ചു. സംഭവം അറിഞ്ഞെത്തിയ കുമളി പൊലീസും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് കട്ടപ്പനയിൽ നിന്നും പീരുമേട്ടിൽ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തത്തിയാണ് തീ പൂർണമായും അണച്ചത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ജില്ലാ പൊലീസ് ചീഫ് പി.കെ. മധുവിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. കോട്ടയത്തു നിന്നും ഫോറൻസിക് വിദഗ്ദ്ധർ എത്തിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോയി. അവിവാഹിതനായ രാജൻ പാൽരാജ് - സുശീല ദമ്പതികളുടെ മകനാണ്.