paaval

കട്ടപ്പന: ഗുണനിലവാരമുള്ള വിത്തുകൾ ലഭിക്കാനില്ലാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു. കൃത്യമായ വളപ്രയോഗവും ജലസേചനവും നടത്തിയിട്ടും വിളകൾ പൂർണവളർച്ചയെത്താതെ രോഗബാധയേറ്റ് നശിക്കുകയാണ്. വാഴ, പാവൽ എന്നീ വിളകളുടെ വിത്തുകൾക്കാണ് പ്രധാനമായും രോഗപ്രതിരോധ ശേഷിയില്ലാത്തത്. കർഷകനായ നിർമലാസിറ്റി സ്വദേശി ടി.ജെ. ജോണിന്റെ സ്ഥലത്തെ പാവൽക്കൃഷി രോഗബാധയേറ്റ് നശിച്ചു. പാട്ടത്തിനെടുത്ത സ്ഥലത്ത് നൂറു ചുവട് പാവലാണ് നട്ടത്. എന്നാൽ മൂന്നുമാസം വളർച്ചയെത്തിയപ്പോൾ തണ്ടുകൾ വീർത്ത്, ഇലകൾ മഞ്ഞളിച്ച് കൃഷിനശിച്ചു. കൃത്യമായ ഇടവേളകളിൽ വളപ്രയോഗവും എല്ലാദിവസവും ജലസേചനവും നടത്തിയിരുന്നതായി കർഷകൻ പറയുന്നു. അംഗീകൃത നഴ്‌സറിയിൽ നിന്നു വാങ്ങിയ വിത്താണെങ്കിലും ഗുണനിലവാരമില്ലാത്തതാണെന്നും ഇദ്ദേഹം പറയുന്നു.
ഇതോടൊപ്പം കൃഷിചെയ്ത 500 ഏത്തവാഴയും 300 ഞാലിപ്പൂവൻ വാഴയും കാലംതെറ്റിയാണ് വിളവെടുപ്പിനു പാകമായത്. കാലാവസ്ഥ വ്യതിയാനത്തിനു പുറമേ മികച്ചവിത്തിന്റെ ലഭ്യതക്കുറവും കാർഷിക മേഖലയിൽ പ്രതിസന്ധിയാകുന്നു. വാഴവര ഏഴാംമൈൽ വലിയപറമ്പിൽ ഷാജി ജോണിന്റെ കൃഷിയിടത്തിലെ മൂന്നുമാസം വളർച്ചയെത്തിയ 150 ഏത്തവാഴയും നശിച്ചു.