ചെറുതോണി: ഇടുക്കി വില്ലേജിലെ അർഹതപ്പെട്ട കർഷകർക്ക് പട്ടയം നൽകണമെന്ന് ജില്ലാ വികസന സമിതിയോഗത്തിൽ അഡ്വ. ഡീൻകുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. 1950 കാലഘട്ടത്തിൽ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ കർഷകരെ കുടിയിരുത്തുകയായിരുന്നു. 70 വർഷം കഴിഞ്ഞിട്ടും മുഴുവൻ കർഷകർക്കും പട്ടയം നൽകാൻ കഴിഞ്ഞിട്ടില്ല. ഇടുക്കി വില്ലേജിലെ 4950 നമ്പർ ബ്ലോക്കുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. 49ാം നമ്പർ ബ്ലോക്കിലെ റീ സർവ്വേ 1990 96 കാലഘട്ടത്തിൽ പൂർത്തിയായെങ്കിലും തുടർ നടപടികളുണ്ടാകാത്തതിനാൽ പട്ടയം നൽകിയിരുന്നില്ല. അതിനാൽ ഇടുക്കി വില്ലേജിലെ അർഹതപ്പെട്ട മുഴുവൻ കർഷകർക്കും പട്ടയം നൽകണമെന്ന് എം.പി ആവശ്യപ്പെട്ടു. അടുത്ത മെയിൽ കഞ്ഞിക്കുഴി വില്ലേജിൽ നടക്കുന്ന പട്ടയമേളയോടനുബന്ധിച്ച് ഇടുക്കി വില്ലേജിലെ സർവ്വേ നടപടികൾ പൂർത്തിയായവർക്ക് പട്ടയം നൽകാമെന്ന് ജില്ലാ കലക്ടർ എം.പിയെ അറിയിച്ചു. 50ാം ബ്ലോക്കിലെ സർവ്വേ നടപടികൾ പൂർത്തിയാകുന്ന മുറക്ക് അവിടെയും പട്ടയം നൽകുമെന്നും കലക്ടർ അറിയിച്ചു.