തൊടുപുഴ: ഇത്തവണത്തെ എം.ജി കലോത്സവത്തിലെ കലാതിലക- പ്രതിഭ പട്ടം കോട്ടയത്തിന്. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഒഫ് കമ്യൂണിക്കേഷനിലെ ഒന്നാംവർഷ എം.എ ആനിമേഷൻ വിദ്യാർത്ഥി അമലു ശ്രീരംഗ് കലാതിലക പട്ടവും പാലാ സെന്റ് തോമസ് കോളജിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കെ.എസ്. രാംദാസ് പ്രതിഭ പട്ടവും ചൂടി. അമലു ഭരതനാട്യം, കേരളനടനം, നാടോടിനൃത്തം, മോഹിനിയാട്ടം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ വീണയിൽ മൂന്നാംസ്ഥാനവും നേടി. ചെങ്ങന്നൂർ ബുധനൂർ ശ്രീരംഗിൽ പി. അനിലിന്റെയും വിജിയുടെയും മകളാണ്. . പഠനത്തിനൊപ്പം സ്വന്തമായി നൃത്ത വിദ്യാലയവും നടത്തുന്നുണ്ട് ഈ മിടുക്കി. 'കലാമന്ദിർ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിൽ' നിലവിൽ 150 വിദ്യാർത്ഥികൾ അമലുവിന്റെ ശിക്ഷണത്തിൽ നൃത്തവും സംഗീതവും അഭ്യസിക്കുന്നു. ഡോ. വേണുഗോപാൽ, ഡോ. വിനയചന്ദ്രൻ എന്നിവരുടെ ശിക്ഷണത്തിലാണ് അമലു നൃത്തം അഭ്യസിക്കുന്നത്. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് അനുജത്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കെ.എസ്. രാംദാസ് നൃത്തച്ചുവടുകൾ അഭ്യസിച്ച് തുടങ്ങുന്നത്. 2016ൽ അൽ- അസ്ഹറിൽ നിന്ന് തന്നെയാണ് സർവകലാശാല കലോത്സവത്തിൽ പങ്കെടുത്തു തുടങ്ങിയത്. അന്ന് ഭരതനാട്യത്തിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഒടുവിൽ അതേ മണ്ണിൽ നിന്ന് കലാപ്രതിഭയായി. കഥകളി, ഭരതനാട്യം എന്നിവയിൽ ഒന്നാംസ്ഥാനവും കേരളനടനം, ഇതര ശാസ്ത്രീയ നൃത്ത വിഭാഗത്തിൽ രണ്ടാം സ്ഥാനവും നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവും നേടി. കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയുമാണ്. പാല കാരമംഗലത്ത് മനയിൽ സുബ്രഹ്മണ്യൻ സുജ ദമ്പതികളുടെ മകനാണ്.