തൊടുപുഴ: അഞ്ച് ദിനരാത്രങ്ങൾ നീണ്ട കലാമാമാങ്കത്തിന് കൊടിയിറങ്ങുമ്പോൾതുടർച്ചയായ മൂന്നാം വട്ടവും കിരീടം ചൂടി തേവര എസ്.എച്ച്. കോളേജ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കി 149 പോയിന്റുമായാണ് തേവര ഹാട്രിക്കടിച്ചത്. എറണാകുളം മഹാരാജാസ് കോളേജ് 97 പോയിന്റുമായി രണ്ടാം സ്ഥാനവും എറണാകുളം സെന്റ് തെരേസാസ് 71 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. ഏഴ് വർഷം തുടർച്ചയായി കലാ കിരീടം ചൂടിയ എറണാകുളം സെൻ്റ് തെരേസാസിന്റെ കുത്തക തകർത്താണ് 2018ൽ തേവര കിരീടത്തിൽ മുത്തമിടുന്നത്. ചങ്ങനാശേരി എസ്.ബി കോളേജ് 50 പോയിന്റും തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആർട്സ് 47 പോയിന്റും നേടി നാലും അഞ്ചും സ്ഥാനം പങ്കിട്ടു. പാലാ സെന്റ് തോമസ് കോളേജ് 40, കൊച്ചിൻ കോളേജ് ഓഫ് കൊച്ചിന്‍ 34, തൊടുപുഴ ന്യൂമാന്‍ കോളേജ് 31, കോട്ടയം സിഎംഎസ് കോളേജ് 31, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വുമൺ 30 എന്നിവരാണ് ആദ്യ പത്ത് സ്ഥാനത്തുള്ള കോളേജുകൾ. 198 കോളേജുകളിൽ നിന്നായി 13000 മത്സരാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുത്തത്.