മൂന്നാർ: മൂന്നാർ സന്ദർശനത്തിനെത്തിയ യാത്രാസംഘത്തിന്റെ വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു. വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ സഹായിയായിരുന്ന
പാലക്കാട്, കുമ്പിടി മടത്തിങ്കൽ വീട്ടിൽ മുഹമ്മദ് മുബാഷീർ (മുബാരിസ്-23) ആണ് മരിച്ചത്. പരിക്കേറ്റവരെ മൂന്നാർ ഹൈറേഞ്ചിൽ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി വിവിധയിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.യാത്രാസംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ആണ് തിങ്കളാഴ്ച രാവിലെ 9. 30 ന് മൂന്നാർ ടോപ്പസ്റ്റേഷൻ റൂട്ടിലെ കുണ്ടള പുതുക്കടി ഭാഗത്ത് റോഡിൽ നിന്നും താഴ്ചയിലുള്ള തേയിലക്കാട്ടിലേയ്ക്ക് മറിഞ്ഞത്. തലയ്ക്കും മുഖത്തും ഗുരുതരകമായ പരിക്കേറ്റ മുബാരിസ് സംഭവസ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞു. പരിക്കേറ്റവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഇവർ മലപ്പുറം സ്വദേശികളാണ്.ഹബീബ് റഹ്മാൻ (39) സഹീറ (34) എന്നിവർക്കാണ് ഗുരുതര പരിക്ക്. മുഹമ്മദ് സഹൽ (12) സിഫ്‌ന (17) സൗദ (45) ഫാത്തിമ ഹിൻഷ (9) ജംഷീര (35) ഷാഹിദ (40) മുഹമ്മദ് ഇഷ്ബൻ (1) ഷംലത്ത് (25) ദിയാൻ (3) ഷഫീന സന (15) മുഹമ്മദ് ഷിഫാൻ (32) ഷെഹ്രുബാൻ (32) സക്കീർ ഹുസൈൻ (45) അബ്ദൂൽ സലാം (42) മൺസൂർ (30) ഫസ്‌ന ഫാനു (20) സാഹിറ (40) അൻഹാഫ് (18) അദീല ഫാത്തിമ (13) അന്ന ഫാത്തിമ (10) ഫാത്തിമ ഹനാൻ (11) മുഹമ്മദ് ഹാഷിം (6) ഫാത്തിമ ഫിസ (3) ഐസിൻ (1) എന്നിവർക്കാണ് പരിക്കേറ്റത്. സ്റ്റിയറിംഗ് ലോക്കായി പോയതാണ് അപകടകാരണമെന്ന് വാഹനത്തിന്റഡ്രൈവർ പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രി മലപ്പുറത്തു നിന്നും യാത്ര പുറപ്പെട്ട സംഘം പുലർച്ചയോടെ മൂന്നാറിൽ എത്തി. മൂന്നാറിലെ ഹോട്ടൽ മുറിയിൽ അല്പനേരം ചിലവഴിച്ച ശേഷം ടോപ്പ് സ്റ്റേഷനിലേക്ക് യാത്രചെയ്യവേയാണ് വാഹനം അപകടത്തിൽപ്പെട്ടത്. വാഹനംഅപകടത്തിൽപ്പെട്ടയിടത്ത് ഒരു വശത്തായി സുരക്ഷാമതിലുകൾഉണ്ടായിരുന്നില്ല. അതുവഴി വന്ന മറ്റു വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ,തഹസിൽദാർ ജിജി എം കുന്നപ്പിള്ളി, മൂന്നാർ എസ് ഐ സന്തോഷ്‌കുമാർ,ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ മറ്റിടങ്ങളിലേയ്ക്ക് മാറ്റാനുള്ളനടപടികൾ സ്വീകരിച്ചു.