ജില്ലയിൽ 'എം.സി.എഫ് കേന്ദ്രങ്ങൾ' പൂർണതയിലേക്ക്
തൊടുപുഴ: ഇടുക്കി സമ്പൂർണ മാലിന്യ നിർമാർജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 'എം.സി.എഫ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാകുന്നു. ജില്ലയിലെ 52 പഞ്ചായത്തുകളിൽ 41 ലും തൊടുപുഴ, കട്ടപ്പന നഗരസഭകളിലും എം.സി.എഫ് കേന്ദ്രങ്ങൾ പൂർത്തിയായി. ലോറേഞ്ചിലെ നാല് പഞ്ചായത്തുകളിലും ഹൈറേഞ്ചിലെ ഏഴ് പഞ്ചായത്തുകളിലുമാണ് ഇനി ആരംഭിക്കാനുള്ളത്. മാർച്ച് അവസാനത്തോടെ ഇവിടങ്ങളിലും കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാകുമെന്നാണ് കരുതുന്നത്. പ്ലാസ്റ്റിക് പൊടിക്കുന്ന ഷ്രെഡിംഗ് യൂണീറ്റും ജില്ലയിലെ ബ്ലോക്ക്, നഗരസഭ കേന്ദ്രങ്ങളിൽ പ്രവർത്തന സജ്ജമായി.
എന്താണ് എം.സി.എഫ്
പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ, കുപ്പി, കുപ്പിച്ചില്ല്, ഇ-വേസ്റ്റ് എന്നിങ്ങനെ മണ്ണിൽ അലിഞ്ഞു ചേരാത്ത മാലിന്യങ്ങൾ സമ്പൂർണമായും നിർമ്മാർജനം ചെയ്യാനും പുനഃചംക്രമണത്തിലൂടെ പ്രയോജനകരമായ മറ്റ് ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുമാണ് എം.സി. എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
ഓരോ വാർഡുകളിലെയും മാലിന്യങ്ങൾ ശേഖരിച്ച് എം.സി.എഫ് കേന്ദ്രങ്ങളിൽ എത്തിക്കും. പിന്നീട് മാലിന്യങ്ങൾ ഇവിടെ നിന്ന് പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റിനും ക്ലീൻ കേരള മിഷനും കൈമാറും. എം.സി.എഫ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് മൂന്ന് വർഷങ്ങൾക്ക് മുമ്പേ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന് ഓരോ തദ്ദേശ സ്ഥാപനത്തിനും 13 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ശേഖരിക്കുന്നത് ഹരിത കർമ്മസേന
തദ്ദേശ സ്ഥാപനങ്ങൾ തിരഞ്ഞെടുത്ത ഹരിത കർമ്മ സേനകളാണ് പ്രദർശികമായി ഓരോ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് എം.സി. എഫ് കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. ഇതിന് 30 രൂപ കളക്ഷൻ ഫീസായി ഈടാക്കും. ഈ തുകയിൽ നിന്നാണ് ഹരിത കർമ്മ സേന അംഗങ്ങൾക്ക് പ്രതിഫലം നൽകുന്നത്.
"ആഗസ്റ്റ് 15 ആകുമ്പോൾ ജില്ലാ സമ്പൂർണ മാലിന്യ നിർമ്മാർജനം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാവുകയാണ്. ഇതിന്റെ പ്രവർത്തനങ്ങൾക്ക് ജനത്തിന്റെ പൂർണമായ സഹകരണം ഉണ്ടാവണം"
-ഡോ. ജി.എസ്. മധു,
(ജില്ലാ കോർഡിനേറ്റർ, ഹരിത കേരള മിഷൻ)