കുടയത്തൂർ: നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി കാർ യാത്രികരായ മൂന്ന് കുടുംബാംഗങ്ങൾക്ക് പരിക്ക്. കുളമാവ് പൈതയ്ക്കൽ അനൂപ് (34), ഭാര്യ ബെൻസി ജോർജ് (33,) അബിത. പി. അനൂപ് (ആറര) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കുടയത്തൂർ മുസ്ലിം പള്ളി ജംഗ്ഷനിലായിരുന്നു അപകടം. ഇരു ചക്രവാഹനങ്ങൾ വിൽപ്പനയ്ക്ക് വച്ചിരുന്ന കടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറുകയായിരുന്നു. പത്തോളം ഇരുചക്രവാഹനങ്ങൾക്ക് സാരമായ കേടുപറ്റി. കടയുടെ മുന്നിലും റോഡിലും ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. കാർ ഓടിച്ച അനൂപ് ഉറങ്ങി പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.