തൊടുപുഴ: റോഡ് സുരക്ഷ നിയമങ്ങൾ ലംഘിച്ച് തിരക്കേറിയ ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാനുള്ള നഗരസഭയുടെ നീക്കം പൊതുമരാമത്തു വകുപ്പ് തടഞ്ഞു. തൊടുപുഴ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് മൂപ്പിൽകടവ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അനധികൃതമായി നിർമ്മിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനാണ് പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ സ്റ്റോപ് മെമ്മോ നൽകിയത്. റോയൽ ഗാർഡൻസ് റസിഡന്റ്‌സ് അസോസിയേഷൻ, തോമസ് കെ.എം. കുന്നംകോട്ട് എന്നിവരുടെ പരാതിയെ തുടർന്നാണ് നടപടി. മൂപ്പിൽകടവ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഓടയുടെ മുകളിലാണ് നിർമ്മാണം നടന്നിരുന്നത്. കഴിഞ്ഞ ദിവസം പാതിരാത്രി മേൽക്കൂരയും സ്ഥാപിച്ചു. എതിർഭാഗത്ത് റോഡിൽ നീളത്തിലുള്ള ഡിവൈഡറുകൾ ഉള്ളതിനാൽ കാത്തിരിപ്പ് കേന്ദ്രത്തിന് മുമ്പിൽ ബസുകൾ നിറുത്തുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾക്ക് മുമ്പോട്ട് കടന്നുപോകാൻ കഴിയില്ല. തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്ക് ഇടുക്കി റോഡിൽ വരെയെത്തും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് കൂടി പ്രവർത്തനമാരംഭിച്ചാൽ തിരക്ക് ഇരട്ടിയാകും.