കട്ടപ്പന: വിദ്യാർത്ഥികളിൽ ജൈവപച്ചക്കറിയുടെ അവബോധം സൃഷ്ടിക്കുന്നതിനായി കട്ടപ്പന ഗവ. കോളജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി തുടങ്ങി. കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിപ്രകാരം കട്ടപ്പന കൃഷിഭവന്റെ സഹകരണത്തോടെയാണ് കോളജിന്റെ 50 സെന്റ് സ്ഥലത്ത് ജൈവപച്ചക്കറി തോട്ടം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ തക്കാളി, വഴുതന, കെയിൽ, സെലറി, വിവിധയിനം പച്ചമുളക് തുടങ്ങിയവയാണ് നട്ടുപിടിപ്പിച്ചത്. കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി തൈനടീൽ ഉദ്ഘാടനം ചെയ്തു. ഇരുന്നൂറിൽപ്പരം എൻ.എസ്.എസ്. വോളന്റിയർമാർക്കാണ് കൃഷിപരിപാലനത്തിന്റെ ചുമതല.
തോട്ടത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കോളേജ് ഹോസ്റ്റലിൽ ഉപയോഗിക്കും. കൂടുതലായി വരുന്ന ഉത്പന്നങ്ങൾ കൃഷി വകുപ്പിന്റെ വിപണികൾ വഴി വിറ്റഴിക്കും. അണക്കര സ്വദേശി ബിനോയി കപ്യാങ്കലാണ് നേതൃത്വം നൽകുന്നത്. കൃഷി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ബിജു പി.മാത്യു, പ്രിൻസിപ്പൽ ഒ.സി. അലോഷ്യസ്, കൃഷി അസിസ്റ്റന്റുമാരായ എ. അനീഷ്, അനീഷ് പി.കൃഷ്ണൻ, എൻ.എസ്.എസ്. ഓഫീസർ അനൂപ്, എം.എച്ച്. റിനാസ് എന്നിവർ പങ്കെടുത്തു.