building
ഇരട്ടയാർ അണക്കെട്ടിലെ ജീവനക്കാർ കഴിയുന്ന ജീർണാവസ്ഥയിലുള്ള കെട്ടിടം.

കട്ടപ്പന: ഇരട്ടയാർ ഡൈവേർഷൻ അണക്കെട്ടിന് സുരക്ഷയൊരുക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് സ്വയം രക്ഷയ്ക്കായി ഒന്നുമില്ല. കുടിവെള്ളം അടക്കം അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ജീർണാവസ്ഥയിലുള്ള കെട്ടിടത്തിനുള്ളിൽ കഴിഞ്ഞുകൂടുകയാണ് അണക്കെട്ടിലെ മൂന്നു ജീവനക്കാർ. 12 ഉം ഏഴും വർഷങ്ങളായി അണക്കെട്ടിൽ സേവനമനുഷ്ഠിക്കുന്ന വിമുക്ത ഭടൻമാർക്കാണ് ഈ ദുരവസ്ഥ. ശൗചാലയമില്ലാത്തതാണ് ഇവരെ വലയ്ക്കുന്ന പ്രധാനപ്രശ്‌നം. പ്രാഥമികാവശ്യങ്ങൾക്കായി വെള്ളവുമായി സമീപമുള്ള കാട്ടിലേക്കുപോകേണ്ട ഗതികേടാണ്. വർഷംതോറും അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും സുരക്ഷയൊരുക്കുന്ന ജീവനക്കാരെ അവഗണിക്കുകയാണ്. എട്ടുമണിക്കൂർ വീതം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് മൂന്നുപേർക്കും ഡ്യൂട്ടി. കെട്ടിടത്തിലെ ഒറ്റമുറിക്കുള്ളിലാണ് വിശ്രമിക്കുന്നതും ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതുമെല്ലാം. 1991 ഒക്‌ടോബർ 19നാണ് ഇരട്ടയാർ ഡൈവേർഷൻ അണക്കെട്ട് കമ്മിഷൻ ചെയ്തത്. മൂന്നു പതിറ്റാണ്ടിനുള്ളിൽ ഒരിക്കൽ പോലും ജീവനക്കാരുടെ മുറിയിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. നിലവിൽ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ വിണ്ടുകീറാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ ചുവരുകൾ വിള്ളൽ വീണ നിലയിലുമാണ്. മുറിക്കുള്ളിലെ വയറിംഗും നശിച്ച നിലയിലാണ്. പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.

കുടിവെള്ളവുമില്ല

ഇവിടെ കുടിവെള്ളമില്ലാത്തതും പ്രധാനപ്രശ്‌നമാണ്. ജീവനക്കാർ വീട്ടിൽ നിന്നോ കെ.എസ്.ഇ.ബി ഓഫീസിൽ നിന്നോ വേണം വെള്ളം കൊണ്ടുവരാൻ. സമീപത്തുകൂടി കുടിവെള്ള പൈപ്പ് ലൈൻ കടന്നുപോകുന്നുണ്ടെങ്കിലും ഇതുവരെ കണക്ഷൻ ലഭ്യമാക്കിയിട്ടില്ല.