സഫലം 2020 പീരുമേട്: 157 പരാതികളിൽ നടപടി സ്വീകരിച്ചു
ഇടുക്കി: അപേക്ഷകർ അർഹരാണെങ്കിൽ 60 ദിവസത്തിനകം പട്ടയം നൽകണമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ. ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2020' ഭാഗമായി പീരുമേട് താലൂക്കിൽ നടത്തിയ അദാലത്തിൽ വാഗമൺ വില്ലേജ് ഓഫീസ് പരിധിയിലുള്ള ഏഴു പേരുടെ പരാതി പരിഹരിച്ചാണ് ജില്ലാ കലക്ടർ ഇത്തരത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. അതിർത്തി തർക്കം, പട്ടയം, സർവ്വേ റീ സർവ്വേ തുടങ്ങിയ ഭൂപ്രശ്‌നങ്ങൾ, വിവിധ വകുപ്പുകൾ എതിർകക്ഷികളായുള്ള പരാതികൾ തുടങ്ങി വിവിധ പരാതികൾക്ക് അദാലത്തിൽ പരിഹാരമായി. അതിർത്തി തർക്കം, പട്ടയം, സർവ്വേ റീ സർവ്വേ തുടങ്ങിയ ഭൂപ്രശ്‌നങ്ങൾ സംബന്ധിച്ച പരാതികളാണ് കൂടുതലായും ലഭിച്ചത്. തുടർ നടപടി ആവശ്യമുള്ള പരാതികൾ സമയബന്ധിതമായി തീർപ്പാക്കുവാൻ കലക്ടർ നിർദേശിച്ചു. പീരുമേട് താലൂക്കിൽ 37 പരാതികളാണ് ഓൺലൈനായി ലഭിച്ചത്. ഇതിൽ 32 പരാതികൾ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതാണ്. പഞ്ചായത്ത്- 2, ഫിഷറീസ്- 1, കൃഷി- 1, വാട്ടർ അതോറിട്ടി- 1 എന്നിങ്ങനെയാണ് പരാതി ലഭിച്ചത്. അദാലത്തിൽ പ്രത്യേക കൗണ്ടർ വഴി നേരിട്ടും പരാതികൾ സ്വീകരിച്ചു. നേരിട്ട് ലഭിച്ച 120 പരാതികളും കലക്ടർ പരിശോധിച്ച് അടിയന്തരമായി തീർപ്പുകൽപ്പിക്കാവുന്ന പരാതികളിൽ നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. മറ്റു പരാതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തുടർനടപടി സ്വീകരിക്കാനും വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അദാലത്തിൽ നേരിട്ട് ലഭിച്ച 120 പരാതികളും അക്ഷയ കൗണ്ടർ വഴി ഓൺലൈനായും രജിസ്റ്റർ ചെയ്തു.