ഇടുക്കി: സമഗ്രമാലിന്യ സംസ്‌കരണം സാധ്യമാക്കിയ കുമളി പഞ്ചായത്ത് ഇനി മോഡൽ ക്ലീൻ സിറ്റിയായി അറിയപ്പെടും. കുമളി പഞ്ചായത്ത് പൊതുവേദിയിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ കുമളിയെ മോഡൽ സിറ്റിയായി പ്രഖ്യാപിച്ചതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാർഡ് നാടിന് സമർപ്പിക്കുകയും ചെയ്തു. ഹരിത അവാർഡ് ലഭിച്ചതിലൂടെ കുമളി ജില്ലയ്ക്ക് തന്നെ മാതൃകയും അഭിമാനവുമായി മാറിയിരിക്കുകയാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് കുമളിക്ക് അവാർഡ് നേടാനായത്. സംസ്ഥാനത്തെ മികച്ച ജൈവകർഷക ബിൻസി ജെയിംസിനെയും പുഷ്പകൃഷി ജില്ലാ ജേതാവ് സജി പറമ്പകത്തിനെയും മാലിന്യ സംസ്‌കരണരംഗത്ത് സ്തുത്യർഹ സേവനം കാഴ്ചവച്ച ജീവനക്കാരെയും ഹരിത പ്രോട്ടോക്കോൾ പാലിച്ച് പൊതു പരിപാടികൾ നടത്തി മാതൃക കാണിച്ച കുമളി ലൂർദ് പള്ളി ഭാരവാഹികളെയും ജില്ലാ കളക്ടർ ആദരിച്ചു. 'എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം' എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കുമളി പഞ്ചായത്തിന് മാലിന്യ സംസ്‌കരണം, ജലസ്രോതസ്സുകൾ വീണ്ടെടുക്കൽ, ജൈവ കൃഷി പ്രോത്സാഹിപ്പിക്കൽ എന്നിവയിലുള്ള മികവ് മുൻ നിർത്തിയാണ് മികച്ച പഞ്ചായത്തിനുള്ള മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാർഡ് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.