കട്ടപ്പന: ഏക ആശ്രയമായിരുന്ന കുളം വറ്റിയതോടെ കാഞ്ചിയാർ കുഞ്ചിമലയിലെ 25ൽപരം കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ. സമീപവാസി കുളം നിർമിക്കാനായി സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചതോടെയാണ് സമീപത്തെ പഞ്ചായത്തിന്റെ കുളം വറ്റിയത്. 2016ലാണ് രണ്ടുലക്ഷം രൂപ ചെലവഴിച്ച് കാഞ്ചിയാർ പഞ്ചായത്ത് കുഞ്ചിമലയിൽ കുളം നിർമിച്ചത്. എന്നാൽ ഈ കുളത്തോടു ചേർന്ന് കൃഷിയാവശ്യത്തിനായി സമീപവാസി കുളം നിർമിക്കുകയായിരുന്നു. ഇതിനായി സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചതോടെയാണ് പഞ്ചായത്തിന്റെ കുളം പൂർണമായി വറ്റിപ്പോയത്. ഗുണഭോക്താക്കൾ കളക്ടർ, തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും സാന്നിധ്യത്തിൽ ചർച്ച നടത്തി. തുടർന്ന് സമീപവാസിയുടെ കുളത്തിൽ നിന്ന് ഗുണഭോക്താക്കൾക്ക് വെള്ളം നൽകാൻ ധാരണയിലെത്തിയെങ്കിലും വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിൽ കരാറുണ്ടാക്കാൻ തീരുമാനിച്ചപ്പോൾ ഇയാൾ പിൻമാറുകയായിരുന്നു. കഴിഞ്ഞദിവസം നാട്ടുകാർ ചേർത്ത് ഇയാളുടെ കുളത്തിൽ നിന്നു മോട്ടോർ ഉപയോഗിച്ച് വെള്ളം ശേഖരിച്ചു. തുടർച്ചയായി കുടിവെള്ളം നൽകിയില്ലെങ്കിൽ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.