rain

കട്ടപ്പന: ചുട്ടുപൊള്ളുന്ന പകൽച്ചൂടിൽ നിന്നു ആശ്വാസമേകി ഹൈറേഞ്ചിൽ വേനൽമഴ പെയ്തു. പ്രധാന കേന്ദ്രങ്ങളിലെല്ലാംകാൽ മണിക്കൂർ മുതൽ അരമണിക്കൂർ വരെ മഴ ലഭിച്ചു. തുടർച്ചയായി മഴ ലഭിച്ചാൽ കാർഷികമേഖലയ്ക്കും ഗുണകരമാകുമെന്നാണ് കർഷകർ കരുതുന്നത്. ചൊവ്വാഴ്ച മുതൽ എങ്ങും കാർമേഘം നിറഞ്ഞ അന്തരീക്ഷമായിരുന്നു. ചൊവ്വാഴ്ച പല മേഖലകളിലും നേരിയതോതിൽ ചാറ്റൽമഴ പെയ്‌തെങ്കിലും അധികനേരം നീണ്ടുനിന്നില്ല. രാത്രിയോടെ വണ്ടൻമേട്, ചേറ്റുകുഴി ഭാഗങ്ങളിൽ മഴ പെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും ആരംഭിച്ച മഴ അര മണിക്കൂറോളം നീണ്ടു. ഇതോടെ പാതകളിലെ പൊടിശല്യത്തിനു ശമനമായി. ഉച്ചകഴിഞ്ഞ് 2.45ഓടെയാണ് അണക്കര മേഖലകളിൽ മഴ ലഭിച്ചത്.ചെല്ലാർകോവിൽ, കൊച്ചറ, നെടുങ്കണ്ടം എന്നിവിടങ്ങളിലും നേരിയതോതിൽ മഴ പെയ്തു. തുടർച്ചയായ ദിവസങ്ങളിൽ കാർമേഘവും മൂടൽമഞ്ഞും കാണപ്പെടുന്നുണ്ടെങ്കിലും ഇന്നലെയാണ് ഭൂരിഭാഗം പ്രദേശങ്ങളിലും വേനൽമഴ ലഭിച്ചത്. വേനൽച്ചൂടിൽ ഏക്കറുകണക്കിനു സ്ഥലത്തെ ഏലവും കുരുമുളക് ചെടികളുമാണ് കരിഞ്ഞുണങ്ങി നശിച്ചത്. വരുംദിവസങ്ങളിലും മഴ തുടർന്നാൽ ഏലം കർഷകർക്ക് ആശ്വാസമാകും.