തൊടുപുഴ: സൗദി അറേബ്യയിൽ നടന്ന പരിശോധയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത കുറച്ച് ഏലക്കായിൽ അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്‌സഭയിൽ അറിയിച്ചു. നിലവിൽ ഏലം കയറ്റുമതിക്ക് ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ കീടനാശിനിയുടെ അളവ് കുറച്ചാൽ 2022 സെപ്തംബർ മുതൽ ഇന്ത്യയിൽ നിന്നുള്ള ഏലം ഇറക്കുമതി മുൻകാലങ്ങളിലെ പോലെ സുഗമമാകുമെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി പറഞ്ഞു. കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുന്നതിന് കർഷകർക്ക് ബോധവത്കരണം നൽകുന്നതിന് സ്‌പൈസസ് ബോർഡിന്റെ കീഴിൽ ജില്ലയിൽ സമഗ്ര കീടനാശിനി ബോധവത്കരണ കാമ്പയിൻ നടത്തുന്നുണ്ട്. രാജ്യത്ത് സുഗന്ധവ്യഞ്ജന കയറ്റുമതി 2018- 19 സാമ്പത്തിക വർഷം 19505 കോടി രൂപയായി ഉയർന്നു. മുൻസാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം ഒൻപത് ശതമാനം വളർച്ചയാണിതെന്നും മന്ത്രി അറിയിച്ചു.