തൊടുപുഴ: തോട് കൈയേറി മൂന്നു നില കെട്ടിടം നിർമ്മിച്ചതു കാരണം സമീപ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതി ഉണ്ടായിട്ടും കൈയേറ്റം നിർണയിച്ച് നൽകാൻ കുമളി പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തിന് മറുപടി അയക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്.
തോടു പുറമ്പോക്കിന്റെ അതിർത്തി നിർണയിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും മറുപടി നൽകാതിരുന്ന കുമളി വില്ലേജ് ഓഫീസർ, പീരുമേട് തഹസിൽദാർ, ജില്ലാ കളക്ടർ എന്നിവരുടെ നിരുത്തരവാദപരമായ പ്രവർത്തിയെ കുറിച്ച് അന്വേഷിക്കാനാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്. ഇത്തരം കൃത്യവിലോപങ്ങൾ ആവർത്തിക്കരുതെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കുമളി പഞ്ചായത്തിൽ നിന്ന് ആവശ്യപ്പെട്ട പ്രകാരം പുറമ്പോക്കിന്റെ അതിർത്തി നിർണയിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും ലാന്റ് റവന്യൂ കമ്മിഷണർക്കും നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ചാലുടൻ നിയമപരമായ നടപടികൾ സ്വീകരിച്ച് കാലതാമസം കൂടാതെ പരാതിക്ക് പരിഹാരം കാണണമെന്നും കുമളി പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മിഷൻ നിർദ്ദേശം നൽകി. കുമളി പുത്തൻതറയിൽ എ. മുത്തുവേൽ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ അയൽക്കാരനായ തങ്കവേലു സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സംരക്ഷണ ഭിത്തിക്ക് മുകളിൽ ഭിത്തി കെട്ടി ബഹുനില കെട്ടിടം നിർമ്മിച്ചെന്നാണ് പരാതി. ശക്തമായ മഴയുണ്ടാകുമ്പോൾ തോട് കരകവിഞ്ഞൊഴുകി പരാതിക്കാരന്റെ ഉൾപ്പെടെയുള്ള വീടുകളിൽ വെള്ളംകയറും. തങ്കവേലുവിന്റെ നിർമ്മാണം അനധികൃതമാണെന്ന് പീരുമേട് തഹസിൽദാർ കമ്മിഷനെ അറിയിച്ചു. 2014 ജൂൺ 27ന് അതിർത്തി നിർണയിക്കണമെന്നാവശ്യപ്പെട്ട് കുമളി വില്ലേജ് ഓഫീസർക്ക് കത്ത് നൽകിയതായി കുമളി പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. മറുപടി കിട്ടാത്തതിനാൽ പീരുമേട് തഹസിൽദാർക്ക് കത്ത് നൽകി. തുടർന്ന് ഓർമ്മക്കുറിപ്പ് അയച്ചു. 2016 ഫെബ്രുവരി എട്ടിന് ജില്ലാ കളക്ടർക്ക് കത്ത് നൽകി. അതിർത്തി നിർണയിച്ചു കിട്ടിയാൽ നടപടിയെടുക്കാമെന്ന് കുമളി പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു.