തൊടുപുഴ: വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തൊടുപുഴ തട്ടരത്തട്ട കൊട്ടക്കല്ലിങ്കൽ വീട്ടിൽ നീതുവിന്റെ (25) ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയർ പദ്ധതി വഴി 9 ലക്ഷം രൂപയാണ് നീതുവിന്റെ ചികിത്സയ്ക്കായി അനുവദിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 24ന് സഹോദരൻ നിതിനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ എതിരേ വന്ന കാർ ഇടിച്ചാണ് ഇരുവർക്കും പരിക്ക് പറ്റിയത്. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിലെത്തിച്ചു. നീതുവിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. 8 മണിക്കൂറിൽ 5 ശസ്ത്രക്രിയകൾ നടത്തിയാണ് നീതുവിന്റെ ജീവൻ രക്ഷിച്ചത്. രണ്ട് വർഷത്തിലേറെ കാലമായി അരയ്ക്ക് താഴെ തളർന്ന് അച്ഛൻ കിടപ്പിലായിരുന്നു. ഇതുകൂടാതെ ലോണിന്റെ ബാദ്ധ്യതകളുമുണ്ടായിരുന്നു. ഇയ്രേറെ കഷ്ടപ്പാടുള്ള ഇവരുടെ കുടുംബത്തിന് വലിയ ചികിത്സാ ചെലവ് താങ്ങാൻ കഴിയുമായിരുന്നില്ല. ഇവരുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അടിയന്തര സഹായം അനുവദിച്ചത്.