ചെറുതോണി (ഇടുക്കി): ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന ചെറുതോണിയിൽ തുടർച്ചയായി ഭൂചലനം. ഒരാഴ്ചയ്ക്കിടെ മുപ്പതോളം ചെറുചലനങ്ങൾ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇന്നലെ രാവിലെ 7.44നുണ്ടായ ചലനം റിക്ടർ സ്കെയിലിൽ 1.4 രേഖപ്പെടുത്തി.

ഫെബ്രുവരി 27ന് ഉച്ചയ്ക്കായിരുന്നു ആദ്യചലനം. വൈകിട്ട് 7.15നും 7.25നും വീണ്ടും ഉണ്ടായി. 2.1 രേഖപ്പെടുത്തി. 28ന് 7.45നുണ്ടായ ചലനം 1.5 രേഖപ്പെടുത്തി. 29, 1, 2 തീയതികളിലും ചെറുചലനങ്ങളുണ്ടായി. സമീപത്തെ നൂറോളം കുടുംബങ്ങൾ ഭീതിയിലാണ്. പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഡാം സേഫ്ടി ചീഫ് എൻജിനീയർ എസ്. സുപ്രിയ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജോജി ജോർജ് മാത്യു, ചീഫ് എൻജിനീയർ അലോഷി പോൾ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

''കുറത്തി മലയ്ക്കും കാൽവരി മൗണ്ടിനുമിടയിലാണ് പ്രഭവ കേന്ദ്രം. അണക്കെട്ടിന് ഇതുവരെ തകരാറില്ല. അണക്കെട്ടിലെ ഗ്യാലറിയിൽ സ്ഥാപിച്ചിട്ടുള്ള പെൻഡുലം എല്ലാദിവസവും പരിശോധിക്കുന്നുണ്ട്. ബോർഡിന് റിപ്പോർട്ടും നൽകുന്നുണ്ട്. ഭൂചലനം തുടർന്നാൽ കൂടുതൽ പഠനം നടത്തും"

-അലോഷി പോൾ

(എക്‌സിക്യൂട്ടീവ് എൻജിനീയർ)