തൊടുപുഴ: റാന്നിയിൽ കൊറോണ സ്ഥിതീകരിച്ചതോടെ ജില്ലയിൽ നിരീക്ഷണംശക്തമായി. കേരളത്തിൽ കൊറോണ രോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശമിച്ചുവെന്ന് കരുതി ആശ്വസിച്ചിരിക്കവെയാണ് ഇറ്റലിയിൽനിന്നുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പർക്കം പുലർത്തിയവർക്കും രോഗം കണ്ടെത്തിയത്. എല്ലാ ജില്ലകളിലും ഇതോടെ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളും സജീവമായി. കൂടുതൽ രാജ്യങ്ങളിൽ കൊറോണ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവിടങ്ങളിൽ നിന്നും എത്തുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം എന്ന നിർദേശം പാലിക്കാത്തതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ആശങ്കകൾക്ക് കാരണം. അതിനാൽ വിദേശങ്ങളിൽനിന്നുമെത്തുന്നവരെക്കുറിച്ച് അവർ വിവരങ്ങൾ നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായവും ആരോഗ്യവകുപ്പ് തേടും. ഇതിനായി ബന്ധപ്പെടേണ്ട നമ്പർ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു.ജില്ലാ മെഡിക്കൽ ഓഫീസ് കൺട്രോൾ റൂം 8281078680,ജില്ലാ സർവൈലൻസ് ഓഫീസ് 9495962691,എപ്പിഡമോളജിസ്റ്റ് 9544409240.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ആരോഗ്യവകുപ്പ് അറിയിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം. വീട്ടിലുള്ള മറ്റുള്ളവരുമായി ഇടപഴകാതെ വായുസഞ്ചാരമുള്ള ബാത്ത് അറ്റാച്ച്ഡ് മുറികളിൽ കഴിയണം.
ധാരാളം വെള്ളം കുടിക്കുകയും പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും വേണം.
പാത്രങ്ങൾ, ബെഡ്ഷീറ്റ്, മറ്റുവസ്തുക്കൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോർത്ത്, വസ്ത്രങ്ങൾ മുതലായവ ബ്ലീച്ചിംഗ് ലായനിയിൽ മുക്കിവച്ചശേഷം കഴുകി വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കണം.
നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രങ്ങൾ, ഗ്ലാസുകൾ തുടങ്ങിയവയും മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്രൂം ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച വൃത്തിയാക്കണം.
ചുമയ്ക്കമ്പോഴും തുമ്മമ്പോഴും വായും മൂക്കും തൂവാല, തോർത്ത്, തുണി കൊണ്ട് മറച്ച് പിടിക്കണം. മുറ്റത്തോ പറമ്പിലോ തുപ്പരുത്. സന്ദർശകരെ ഒരു കാരണവശാലും അനുവദിക്കരുത്.
ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കുകയും വിവരങ്ങൾ കൃത്യമായി നൽകുകയും വേണം. നിരീക്ഷണത്തിലുള്ള വ്യക്തിയെ സ്പർശിക്കുകയോ മുറിയിൽ കയറുകയോ ചെയ്താൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.