ചെറുതോണി: ഇടുക്കി ഗവ. എൻജിനീയറിംഗ് കോളജിലെ കുട്ടികൾക്ക് ചിക്കൻപോക്‌സ് കണ്ടെത്തിയതിനെ തുടർന്ന് 25 വരെ കോളജിന് അവധി പ്രഖ്യാപിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന പത്തു പെൺകുട്ടികൾക്കാണ് ചിക്കൻപോക്‌സ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച മൂന്നുകുട്ടികൾക്ക് ചിക്കൻപോക്‌സ് പിടിപെട്ടിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഡി.എം.ഒയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം കോളേജിലെത്തി കുട്ടികളെ പരിശോധിച്ച് മരുന്നു നൽകി. മറ്റു കുട്ടികൾക്ക് രോഗം പകരുമെന്നതിനാൽ മൂന്നാഴ്ചത്തേയ്ക്ക് കോളേജ് അടയ്ക്കാൻ ഡി.എം.ഒ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും അടിയന്തര യോഗം ചേർന്ന് 25വരെ അവധി പ്രഖ്യാപിക്കുകയായിരുന്നു.