വിഷയത്തിൽ സി.പി.എമ്മും യു.ഡി.എഫും രണ്ടിടത്തായി സമരം നടത്തി

തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ ഒരേ ദിവസം വ്യത്യസ്ത സമരം. യു.ഡി.എഫ് മണക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലും സി.പി.എം തൊടുപുഴ വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിലുമാണ് സമരം നടത്തിയത്.

ജനുവരി 13നും 28നും കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ പ്രദേശവാസികൾ സമരം നടത്തുകയും വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയറെയും അസിസ്റ്റന്റ് എൻജിനീയറെയും തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. മുഴുവൻ കുടിവെള്ള പൈപ്പുകളുടെയും അറ്റകുറ്റപണികൾ പൂർത്തീകരിക്കണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് നൽകിയ ഉറപ്പ് അധികൃതർ പാലിച്ചില്ല. വേനൽ കടുത്തതോടെ ജനങ്ങൾ ദുരിതത്തിലാകുകയായിരുന്നു. ഇതേത്തുടർന്നാണ് വീണ്ടും സമരവുമായി എത്തിയത്.

വാട്ടർ അതോറിട്ടിയുടെ അറിവോ അനുമതിയോ ഇല്ലാതെ പഞ്ചായത്ത് അനധികൃതമായി ഇന്റർ കണക്ഷനുകൾ നൽകി കുടിവെള്ള പദ്ധതി അട്ടിമറിച്ചെന്ന് ആരോപിച്ചാണ് യു.ഡി.എഫ് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തിയത്. തുടർന്ന് 2018ൽ ഉണ്ടായ കാലവർഷക്കെടുതിയിൽ തകർന്ന ചിറ്റൂർ മടക്കത്താനം കമ്പിപ്പാലം പുനർ നിർമ്മിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി പഞ്ചായത്തിന് മുന്നിൽ റീത്ത് സമർപ്പിച്ചു. ധർണ കെ.പി.സി.സി. ജനറൽ സെക്രട്ടറി റോയി.കെ.പൗലോസ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി മോനിച്ചൻ, ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്റ് മാത്യു ജോൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, യു.ഡി.എഫ് നേതാക്കളായ ജോൺസ് നന്ദിലത്ത്, ബി.സഞജയകുമാർ, പി.എസ്.ജേക്കബ്, പി.പൗലോസ്, ക്ലമന്റ് എമാനുവൽ, നോജ്.പി.ജോസ്, ടോണി കുര്യാക്കോസ്, ഷാജി അറയ്ക്കൽ, ഷാജി ചെമ്പനായിൽ, വി.ജി. സന്തോഷ് കുമാർ ബെന്നി അരഞാണിയിൽ, സണ്ണി കഴിക്കച്ചാലിൽ എന്നിവർ സംസാരിച്ചു.

കുടിവെള്ള പ്രശ്‌നം പരിഹരിക്കുക, പദ്ധതി നടത്തിപ്പിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, എം.എൽ.എയുടെ അവഗണയും നിശബ്ദതയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ നിരാഹ സമരമാണ് സി.പി.എം നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനോയ്, മെമ്പർ ബി. ഹരി എന്നിവരാണ് നിരാഹാരമനുഷ്ടിക്കുന്നത്. സമരത്തിന്റെ ഉദ്ഘാടനം സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.എം. ബാബു നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീന ഹരിദാസ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റെജി ദിവാകരൻ എന്നിവർ സംസാരിച്ചു. എം. മധു അദ്ധ്യക്ഷത വഹിച്ചു.

പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

കുടിവെള്ള വിതരണം കൃത്യമല്ലാത്തതിനാൽ പഞ്ചായത്തിലെ പുതുപ്പരിയാരം, കുടുക്കമറ്റം, മൈലാടുംപാറ, പെരുഞ്ചിറക്കുന്ന്, വള്ളിമലക്കുന്ന് എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് രാഷ്ട്രീയപാർട്ടികൾ സമരവുമായി രംഗത്തെത്തിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ 18 കോടി മുടക്കിയാണ് മണക്കാട് പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി ഉന്നക്കാട്ടുമലയിൽ 4.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമിച്ചിരുന്നു. അരിക്കുഴയിലൂള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് വെള്ളം ടാങ്കിലെത്തിച്ചാണ് വിതരണം നടത്തിയിരുന്നത്.