തൊടുപുഴ: നിങ്ങൾ ഓരോ ദിവസവും ഒരോ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കൂ... അതെല്ലാം ഞങ്ങൾ നിമിഷനേരംകൊണ്ട് പൊളിച്ചടുക്കി കയ്യിൽ തരാം.. തൊടുപുഴയിലെ ചില ആളുകളുടെ ഉറച്ച മനോഭാവമാണിത്. നഗരത്തിലെ അതി രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണുന്നതിന് വേണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ഗതാഗത ഉപദേശക സമിതി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് കാലാകാലങ്ങളിൽ ഓരോ തീരുമാനങ്ങൾ നടപ്പിലാക്കാറുണ്ട്. എന്നാൽ അതെല്ലാം തകർക്കുന്ന സമീപനമാണ് ചിലരുടെ ഭാഗത്ത് നിന്ന് പതിവായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നഗരത്തിൽ മിക്ക സ്ഥലങ്ങളിലെയും അവസ്ഥ ഇത് തന്നെയാണ്. എങ്കിലും ഏറ്റവും കൂടുതൽ ഇത് പ്രകടമാകുന്നത് അമ്പലം ബൈപ്പാസ് റൂട്ടിലാണ്. നഗരത്തിൽ ഒരേ സമയം ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നു പോകുന്ന റൂട്ടും ഇതാണ്.

ഗാന്ധി സ്ക്വയറിൽ നിന്ന് മുവാറ്റുപുഴ റൂട്ടിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും നിർബന്ധമായും അമ്പലം ബൈപാസ് റോഡിലൂടെയും വെങ്ങല്ലൂർ സിഗ്നൽ കടന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ അമ്പലം ബൈപ്പാസ് റോഡ് ഒഴിവാക്കി ഭീമ ജംഗ്‌ഷനിൽ നിന്ന് നേരെ പ്രസ്സ് ക്ലബ്ബ് - ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിലുള്ള റോഡിലൂടെ വേണം കടന്നുപോകണമെന്നാണ് ഗതാഗത ഉപദേശക സമിതിയുടെ തീരുമാനം. എന്നാൽ ചില ഡ്രൈവർമാർ ഈ തീരുമാനം തെറ്റിച്ചേ അടങ്ങൂ എന്ന വാശിയിലാണ്.

വെങ്ങല്ലൂർ സിഗ്നൽ കടന്ന് മിനിസിവിൽ സ്റ്റേഷൻ, എസ് ബി ഐ, സൗത്ത് ഇന്ത്യൻ ബാങ്ക് മറ്റ് വിവിധ സ്ഥാപനങ്ങൾ എന്നീ ഭാഗങ്ങളിലേയ്ക്ക് വരുന്ന വാഹനങ്ങളിൽ ചിലത് ഭീമാ ജംഗ്‌ഷനിൽ നിന്ന് നേരെ അമ്പലം ബൈപ്പാസ് റോഡിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ,​ അമ്പലം റോഡ് ബൈപ്പാസ് റോഡ് ആണെന്ന കാര്യം അറിയാത്തവരും നിയമങ്ങളും പരിഷ്‌കാരങ്ങളും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന ഭാവത്തിൽ മനപ്പൂർവം ഇത് വഴി പോകുന്നവരുമുണ്ട്. ഇത് അമ്പലം റൂട്ടിനെ അതിരൂക്ഷമായ ഗതാഗതകുരുക്കിലാക്കുന്നുണ്ട്.

നിയമലംഘനം അറിയാത്ത അധികൃതർ

പട്ടാപ്പകൽ പോലും അമ്പലം ബൈപാസ് റോഡിൽ നഗ്നമായ നിയമലംഘനം പതിവാണ്. നഗരസഭ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളെല്ലാം കാണുന്നുമുണ്ട്. എന്നാൽ ഒന്നും അറിഞ്ഞ ഭാവമില്ല. അമ്പലം ബൈപ്പാസ് റോഡിന്റെ രണ്ട് വശങ്ങളിലായിട്ട് നിരവധി സർക്കാർ -സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലാണ് പാർക്ക് ചെയ്യുന്നത്.

ഈ സാഹചര്യത്തിൽ ബൈപാസ് റോഡിന്റെ ഇരു വശങ്ങളിലൂടെയും നിയമ വിരുദ്ധമായി വാഹനങ്ങൾ കടന്നുപോകാൻ അനുമതി നൽകുന്നത് അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാവുകയാണ്. ഭീമാ ജംഗ്‌ഷനിൽ നിന്ന് അമ്പലം ബൈപാസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ ചിലയവസരങ്ങളിൽ പെട്ടന്ന് വട്ടംതിരിയുന്നത് വൻഅപകടത്തിന് ഇടയാക്കുന്നുമുണ്ട്.

ഭീമാ ജംഗ്‌ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലൂടെ കടന്നുവരാതിരിക്കാൻ നഗരസഭ, പൊലീസ്, മോട്ടോർ വാഹനവകുപ്പ് എന്നിവർ സംയുക്തമായി ഗതാഗത ഉപദേശകസമിതി തീരുമാനം കർക്കശമാക്കാൻ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാർക്ക് ആവശ്യപ്പെടാനുള്ളത്.