തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പൊലീസ് മർദ്ദനം സംബന്ധിച്ച കൃത്യമായ തെളിവുകൾ ജുഡിഷ്യൽ കമ്മിഷന് ലഭിച്ചു. വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന ധാരണയിൽ പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിച്ച് രാജ്കുമാറിനെ മർദ്ദിച്ചതായി അയൽവാസികൾ കമ്മിഷനോട് വെളിപ്പെടുത്തി.
അയൽവാസികളായ ആന്റണിയും രാജേന്ദ്രനുമാണ് ഇന്നലെ തൊടുപുഴയിൽ നടന്ന സിറ്റിംഗിൽ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് മുമ്പാകെ മൊഴി നൽകിയത്. രാജ്കുമാറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾക്ക് ആധികാരികമായ തെളിവുകൾ കമ്മിഷന് ലഭിച്ചതായി ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യത്തിൽ ബന്ധമുള്ളതായി തെളിവ് ലഭിച്ചിട്ടില്ല. രാജ്കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ സി.പി.ആർ നൽകിയ ഡോ. മനോജിൽ നിന്നും വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോർജ് തെരുവിൽ നിന്നും കമ്മിഷൻ മൊഴിയെടുത്തു. സി.പി.ആർ നൽകുമ്പോൾ വാരിയെല്ലിൽ ക്ഷതം സംഭവിക്കാനിടയുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അദ്ദേഹത്തെ വിസ്തരിച്ചത്. മൃതദേഹം അടക്കം ചെയ്തപ്പോഴും പോസ്റ്റുമോർട്ടത്തിന് പുറത്തെടുത്തപ്പോഴും ഫാ. ജോർജ് തെരുവിൽ സാക്ഷിയായിരുന്നു.
ജുഡിഷ്യൽ കമ്മിഷന്റെ റിപ്പോർട്ട് ജൂലായ് അഞ്ചിനകം നൽകും. ഹാജരാകാൻ നിർദ്ദേശിച്ചിട്ടും ഒന്നാം പ്രതി എസ്.ഐ സാബുവടക്കമുള്ള ചിലർ തെളിവെടുപ്പിന് എത്തിയിട്ടില്ല. സിവിൽ കോടതിയുടെ അധികാരം ജുഡിഷ്യൽ കമ്മിഷനുള്ളതിനാൽ തുടർനടപടികൾ പിന്നീട് ആലോചിക്കും. ഇതുവരെ 54 സാക്ഷികളും 54 രേഖകളും കമ്മിഷൻ തെളിവായി ശേഖരിച്ചു. ഇരുപതോളം സാക്ഷികളെക്കൂടി വിസ്തരിക്കാനുണ്ട്. വെള്ളിയാഴ്ച കൊച്ചിയിലും സിറ്റിംഗ് നടത്തും.