തൊടുപുഴ: ഇനി തൊടുപുഴ നഗരസഭയിൽ ജീവനക്കാർ താമസിച്ച് വരുകയോ ഒപ്പിട്ട് മുങ്ങുകയോ ചെയ്താൽ പിടിവീഴും. ഒമ്പത് മുതൽ നഗരസഭയിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാകും. ജില്ലയിലാദ്യമായാണ് ഒരു നഗരസഭാ ഓഫീസിൽ പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നത്. നാളെ ട്രയൽ റൺ നടത്തിയ ശേഷം ഒമ്പതിന് ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സെക്രട്ടറിയടക്കം എല്ലാ ജീവനക്കാരും പഞ്ച് ചെയ്യണം. എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും കൃത്യനിഷ്ട ഉറപ്പുവരുത്തുന്നതിനുമായി പഞ്ചിംഗ് സിസ്റ്റം നടപ്പിലാക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. പഞ്ചിംഗ് സംവിധാനം കൃത്യമായി നടപ്പിലാക്കേണ്ട ചുമതല സെക്രട്ടറിക്കാണ്. കെൽട്രോണാണ് പഞ്ചിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. തൊടുപുഴ നഗരസഭയിലെ ചില ജീവനക്കാർ ഡ്യൂട്ടി സമയത്ത് മറ്റ് പല കച്ചവടങ്ങളും ചെയ്യുന്നതായി നേരത്തെ ആക്ഷേപമുയർന്നിരുന്നു. പഞ്ചിംഗ് നിലവിൽ വരുന്നതോടെ ഇത്തരക്കാർ കുടുങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
എന്നും വൈകിയാൽ പണി
നഗരസഭയിൽ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്യണം. രാവിലെ 10 മുതൽ അഞ്ച് വരെയാണ് ഡ്യൂട്ടി സമയമായി കണക്കാക്കുന്നത്. ഒരു ദിവസം പരമാവധി ഒരു മണിക്കൂർ വരെ വൈകാം. എന്നാൽ അതിനു ശേഷം വൈകി എത്തുന്നത് അനധികൃത അവധിയായി കണക്കാക്കും. ഒരു മാസത്തിൽ 10 മണിക്കൂറോ അതിലധികമോ സമയം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഓഫ് ലഭിക്കും.
പഞ്ചിംഗിലെ ആശങ്ക
ഫീൽഡ് വർക്കുള്ള ചില ജീവനക്കാർക്ക് ചിലപ്പോൾ രാവിലെ ഓഫീസിൽ എത്താനാകില്ല. ആ ദിവസത്തെ അവരുടെ പഞ്ചിംഗ് എങ്ങനെ രേഖപ്പെടുത്തുമെന്ന് ആശങ്കയുണ്ട്. സെക്രട്ടറിയടക്കമുള്ളവർ വിവിധ ആവശ്യങ്ങൾക്കായി കളക്ട്രേറ്റിലടക്കം പോകേണ്ടതുണ്ട്. ഇത്തരക്കാർക്ക് ഏറ്റവും അടുത്ത സർക്കാർ ഓഫീസിൽ പഞ്ച് ചെയ്യാമെന്ന് നിയമമുണ്ട്. എന്നാൽ ജില്ലയിൽ മറ്റൊരു സർക്കാർ ഓഫീസിലും ഇതുവരെ പഞ്ചിംഗ് സംവിധാനം നടപ്പിലായിട്ടില്ല.
''പഞ്ചിംഗ് സംവിധാനത്തിനോട് വളരെ പോസിറ്റീവായ സമീപനമായിരുന്നു നഗരസഭാ ജീവനക്കാർക്ക്. തൊടുപുഴ നഗരസഭയിൽ എല്ലാവരും കൃത്യസമയത്ത് ഓഫീസിലെത്തി ജോലി ചെയ്യുന്നവരാണ്. പഞ്ചിംഗ് സംവിധാനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ശിക്ഷാനടപടികൾ ഇപ്പോഴുണ്ടാകില്ല. ഇത് പിന്നീട് ആലോചിച്ച് തീരുമാനിക്കും.""
-രാജശ്രീ പി. നായർ (നഗരസഭാ സെക്രട്ടറി, തൊടുപുഴ)